വെള്ളനാട്: ഇടത്, വലത് മുന്നണികളെ മാറിമാറി തുണയ്ക്കുന്ന വെള്ളനാട് ഡിവിഷനിൽ പോരാട്ടം ആവേശക്കൊടുമുടിയേറുന്നു. അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ആർ. രാജ്മോഹനെയാണ് ഡിവിഷൻ നിലനിറുത്താൻ എൽ.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. വെള്ളനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിയാണ് യു.ഡി.എഫിനായി രംഗത്ത്. ബി.ജെ.പി അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

വെള്ളനാട് പഞ്ചായത്തിലെ 17 വാർഡുകൾ, അരുവിക്കരയിലെ 20 വാർഡുകൾ, കരകുളം പഞ്ചായത്തിലെ തറട്ട, കാച്ചാണി, മുദിശാസ്താംകോട് വാർഡുകൾ, പൂവച്ചൽ പഞ്ചായത്തിലെ കൊണ്ണിയൂർ ഉൾപ്പെടെ 41 വാർഡുകൾ അടങ്ങുന്നതാണ് വെള്ളനാട് ഡിവിഷൻ.

കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ രാജ്മോഹൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായും കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.കോൺഗ്രസ് (സോഷ്യലിസ്റ്റ്) പാർട്ടി രൂപീകരിച്ചപ്പോൾ എ.കെ. ആന്റണിക്ക് ഒപ്പം നിന്നു. പിന്നീടാണ് സി.പി.എമ്മിൽ എത്തിയത്. 1990 ൽ നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ആര്യനാട് ഡിവിഷനിൽ നിന്ന് വിജയിച്ചിരുന്നു.

മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ എല്ലാം വിജയം നേടിയ നേതാവാണ് വെള്ളനാട് ശശി. 1988ൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000ത്തിൽ പഞ്ചായത്തംഗം, 2005ൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം, 2010ൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 2015ൽ വീണ്ടും പ‌ഞ്ചായത്ത് പ്രസിഡന്റായി.

ബി.ജെ.പിയുടെ സമര മുഖങ്ങളിൽ മുന്നണിപ്പോരാളിയായിരുന്നു മുളയറ രതീഷ്. രണ്ട് തവണ രതീഷ് അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റായി. യുവമോർച്ച മുൻ ജില്ലാ പ്രസിഡന്റാണ്. 2010ൽ അരുവിക്കര പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ നിന്നും 2015ൽ ജില്ലാ പഞ്ചായത്ത് പൂവച്ചൽ ഡിവിഷനിൽ നിന്നും ജനവിധി തേടിയിട്ടുണ്ട്.