നെടുമങ്ങാട്:മലയോര മേഖലയിൽ സർവീസ് കാര്യക്ഷമമാക്കുന്നതിന് ടാറ്റാ ബെൻസ് ബസുകൾ മാറ്റി പകരം ലൈലാന്റ് ബസുകൾ അനുവദിക്കുമെന്നും ട്രാൻ.ഡിപ്പോകളിലെ സാമൂഹ്യ വിരുദ്ധശല്യത്തിന് പരിഹാരമായി സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ ഉറപ്പ് നൽകി. നെടുമങ്ങാട് ഡിപ്പോയും ബസ് ടെർമിനലും സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നെടുമങ്ങാട് ഡിപ്പോയിലെ ഡീസൽ പമ്പ് പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തിൽ ക്രമീകരിക്കും.രണ്ടു സൂപ്പർ ഫാസ്റ്റുകൾ അനുവദിച്ചു.കൊട്ടാരക്കര -കോട്ടയം -വൈക്കം വഴി അമൃത സൂപ്പറും (രാവിലെ 6.20 ന് ) കൊല്ലം -ആലപ്പുഴ - തോപ്പുംപടി എറണാകുളം സൂപ്പറുമാണ് (രാവിലെ 7.15 ന്) അനുവദിച്ചത്. കാനറാ ബാങ്കിന്റെ എ.ടി.എം (ഡെപ്പോസിറ്റർ അടക്കം) സ്ഥാപിക്കും. ഡിപ്പോ പ്രവേശന കവാടത്തിൽ പഴയ രണ്ടു ബസുകൾ ഡിസ്‌പ്ളേയാക്കും. സർക്കാർ, സ്വകാര്യ സംരംഭകർക്ക് ഫുഡ് കോർട്ട്,ഷോപ്പ് ഔട്ട് ലെറ്റ് ആരംഭിക്കാൻ വിട്ടുനൽകും. ആർ.ഡി.ഓഫീസ് ഉൾപ്പടെ നഗരത്തിൽ നിന്ന് മാറി പ്രവർത്തിക്കുന്ന സർക്കാരോഫീസുകൾക്ക് ബസ് ടെർമിനലിൽ മുറികൾ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഒരു മണിക്കൂറിലേറെ ജീവനക്കാരുമായി ആശയവിനിമയം നടത്തി, ഡിപ്പോയും പരിസരവും സന്ദർശിച്ച ശേഷമാണു അദ്ദേഹം മടങ്ങിയത്.സി.എം.ഡിയുടെ സന്ദർശന വേളയിൽ ഡി.ടി.ഒ സ്ഥലത്തുണ്ടായിരുന്നില്ല.ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ഹംസത്തിന്റെ നേതൃത്വത്തിൽ ഡോ.ബിജു പ്രഭാകറിനെ സ്വീകരിച്ചു.