ummen-cahandi

തിരുവനന്തപുരം: നിയമപരമായി നിലനില്ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ബാർ കോഴക്കേസ് വീണ്ടും സർക്കാർ കുത്തിപ്പൊക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു. സ്വർണക്കടത്ത് കേസിലും സർക്കാർ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതുമന്ത്രിമാർ ഒന്നിനുപിറകെ ഒന്നായി പ്രതിക്കൂട്ടിലേക്ക് കയറുന്ന സാഹചര്യത്തിൽ രാഷ്ട്രീയപ്രതിരോധം തീർക്കാനാണിത്.

ബാർ കോഴക്കേസ് നിലവിൽ ഹൈക്കോടതിയുടെയും തിരുവനന്തപുരം വിജിലൻസ് കോടതിയുടെയും പരിഗണനയിലാണ്. പുതിയ അന്വേഷണം നടത്തണമെങ്കിൽ പുതിയ വെളിപ്പെടുത്തലോ തെളിവുകളോ ഉണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ ആകാം. എന്നാൽ, പഴയ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. കേസിന്റെ നാൾവഴി പരിശോധിച്ചാൽ ഗവർണർക്ക് അനുമതി നല്കാനാവില്ല. ബാർ കോഴക്കേസ് അന്വേഷിച്ച് വിചാരണക്കോടതിക്ക് റിപ്പോർട്ട് നല്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കിൽ പരാതിക്കാരൻ വിചാരണക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തേ ലോകായുക്തയും ബാർ കോഴക്കേസ് തള്ളിയിരുന്നു. സർക്കാരിന്റെ കാലാവധി കഴിയുമ്പോൾ കേസെടുത്ത് അടുത്ത സർക്കാരിന്റെ തലയിൽ വയ്ക്കാനാണ് നീക്കം. നിയമവിരുദ്ധമായതിനാൽ അടുത്ത സർക്കാരിന് ഒന്നും ചെയ്യാനാകാതെ വരും. അപ്പോൾ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രചാരണം നടത്തുകയാണ് ലക്ഷ്യമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.