തിരുവനന്തപുരം: കൊവിഡ് രോഗിയായ 82കാരന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വാസ്‌കുലാർ ശസ്ത്രക്രിയ വിജയം. കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ തമിഴ്നാട് സ്വദേശി പാലയ്യനെയാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്. ഒക്ടോബർ പത്തിന് വലതുകൈക്ക് വേദനയും സ്വാധീനക്കുറവുമായാണ് പാലയ്യൻ ചികിത്സയ്‌ക്കെത്തിയത്. പാറശാലയിലുള്ള മകനോടൊപ്പമാണ് ഇദ്ദേഹത്തിന്റെ താമസം. പരിശോധനകളിൽ ഹൃദ്രോഗവും ഒപ്പം കൊവിഡുമുണ്ടെന്ന് സ്ഥിരീകരിച്ചു. ഹൃദയത്തിൽ നിന്നുള്ള രക്തക്കട്ട വലതു കൈയിലെ രക്തക്കുഴലിലെത്തിയതിനാൽ രക്തസഞ്ചാരം പൂർണമായി അടഞ്ഞ നിലയിലായിരുന്നു. പ്രായക്കൂടുതൽ, ഹൃദ്രോഗം, കൊവിഡ് തുടങ്ങിയ വെല്ലുവിളികളുണ്ടായിരുന്നെങ്കിലും 13ന് രാത്രി അടിയന്തര ശസ്ത്രക്രിയ നടത്തി. കൊവിഡ് രോഗികൾക്ക് വേണ്ടി പ്രത്യേകമൊരുക്കിയ തിയേറ്ററിലാണ് ശസ്ത്രക്രിയ നടന്നത്. ഒരാഴ്ചത്തെ ചികിത്സയ്‌ക്ക് ശേഷം കൊവിഡ് നെഗറ്റീവായ പാലയ്യനെ ഡിസ്ചാർജ് ചെയ്‌തു. കാർഡിയോവാസ്‌കുലാർ സർജന്മാരായ ഡോ. ഷഫീക്ക്, ഡോ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കൊവിഡ് നോഡൽ ഓഫീസർ ഡോ. ശ്രീകണ്ഠൻ ചികിത്സ ഏകോപിപ്പിച്ചു.