കോവളം: വിഴിഞ്ഞത്ത് രണ്ട് ദിവസമായി ലഭിച്ച ചാകരയെ തുടർന്ന് തീരത്ത് ഉത്സവ പ്രതീതി. ഏറെ കാലത്തിന് ശേഷം കടലമ്മ കനിഞ്ഞതോടെ മത്സ്യത്തൊഴിലാളികളും വ്യാപാരികളും ആവേശത്തിലാണ്. കഴിഞ്ഞ ആഴ്ച നെയ്മീനും വേളാപ്പാരയും ആവോലിയുമാണ് ചാകരയായി തീരമണഞ്ഞതെങ്കിൽ ഇന്നലെ ടൺ കണക്കിന് ചാളയും നെത്തോലിയുമാണ് മത്സ്യത്തൊഴിലാളികളുടെ വല നിറച്ചത്. രണ്ടു ദിവസമായി ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം ലഭിച്ചതോടെ പട്ടിണിയിൽ വലഞ്ഞിരുന്ന തൊഴിലാളികളുടെ മനം നിറഞ്ഞു. കൊവിഡും ലോക്ക് ഡൗണും കാരണം മത്സ്യബന്ധനത്തിന് നിയന്ത്രണം വന്നതോടെ രുചിയുള്ള മത്സ്യത്തിനായി കാത്തിരുന്ന ഭക്ഷണപ്രേമികൾക്കും ചാകര സന്തോഷത്തിന് വകനൽകി.
സാധാരണ 500 ഉം 600 രൂപകൊടുത്ത് വാങ്ങിയിരുന്ന നെയ്‌മീനിന്റെ വില കിലോയ്ക്ക് 400 ഉം അതിൽ താഴെയും ആയതോടെ മീൻ വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മീൻ വില താഴ്ന്നത് ചെറുകിട കച്ചവടക്കാർക്കും സന്തോഷം പകർന്നു.
ലക്ഷങ്ങളുടെ കച്ചവടം
25 ഓളം വള്ളക്കാർക്കാണ് കഴിഞ്ഞ ദിവസം ക്ലാത്തിയും കത്തിക്കാരയും ചാകരയായി ലഭിച്ചത്. ഒരു ടൺ ക്ലാത്തിക്ക് ഒന്നര ലക്ഷം രൂപവരെയായിരുന്നു വില. പ്രാദേശിക മാർക്കറ്റിൽ വലിയ ഡിമാൻഡില്ലാത്ത ഇല്ലാത്ത കത്തിക്കാരയ്ക്കും ക്ലാത്തിക്കും വിദേശ മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ ഈ മീനുകൾ ലേലത്തിലെടുക്കുന്ന ചെറുകിട കച്ചവടക്കാർ വിദേശ കയറ്റുമതിക്കാർക്ക് ഇത് കൈമാറുകയാണ് ചെയ്യുന്നത്. കത്തിക്കാരയ്ക്ക് പുറമേ കൊഴിയാള, ചൂര, അയല എന്നീ മീനുകളും ഇന്നലെ മോശമല്ലാത്ത രീതിയിൽ ലഭിച്ചതും തീരത്തിന് ആവേശമായി.