സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായിരുന്ന സമയത്താണ് ഞാൻ ഒരു വോട്ടറായി എന്നറിയുന്നത്. 1987 എന്നാണ് ഓർമ്മ. ബാലുകിരിയത്തിന്റെ സിനിമയിൽ ജോലി ചെയ്യുന്ന സമയം. അച്ഛൻ വിളിച്ചറിയിച്ചു വോട്ടുണ്ട്, വരാൻ പറ്റുമെങ്കിൽ വരിക. അച്ഛൻ ശിവകുമാരൻ നായർ ആർ.എസ്.പി നേതാവ് കെ.പങ്കജാക്ഷനുമായി അടുപ്പമുള്ള ആളാണ്. അദ്ദേഹം മത്സരിച്ചപ്പോൾ അച്ഛന്റെ വോട്ട് ആർ.എസ്.പിക്കായിരുന്നു.
വോട്ടു ചെയ്യാൻ പോകണമെന്ന് ബാലു അണ്ണനോട് പറഞ്ഞു. ആദ്യം ചിരിച്ചു പിന്നെ പോയിട്ട് വരാൻ പറഞ്ഞു. വോട്ടു ചെയ്യാനായി ട്രെയിനിൽ കയറി നാട്ടിലെത്തി. അന്ന് വഞ്ചിയൂരാണ് താമസം. അച്ഛനും അമ്മ ജാനകി അമ്മയ്ക്കും ഒപ്പം സെന്റ് ജോസഫ് സ്കൂളിൽ വോട്ട് ചെയ്യാൻ പോയി. അച്ഛൻ പറഞ്ഞ ആൾക്ക് വോട്ടിട്ടു. ചിഹ്നം ഒന്നും ഓർമ്മയില്ല. ഇടതിനായിരുന്നു വോട്ട്. പക്ഷേ, വോട്ട് ചെയ്യാൻ പോകുന്ന ആ സന്തോഷത്തിൽ അഭിമാനത്തോടെ ക്യൂവിൽ നിന്നത് ഓർമ്മയുണ്ട്. അന്ന് 21 വയസ് വേണം വോട്ടറാകാൻ. വോട്ടറായാൽ വലിയ ആളായെന്ന് എല്ലാവരും അംഗീകരിക്കും.ഇപ്പോഴും അമ്മയ്ക്കും ഭാര്യ ആനിക്കും മകൻ ജഗനും ഒപ്പമാണ് വോട്ടു ചെയ്യാൻ പോവുക. മൂത്തമകൻ ജഗനും വോട്ടറായി. ഒരിക്കലും വോട്ട് മുടക്കിയിട്ടില്ല. എവിടെയായാലും ഓടിയെത്തും. തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ കൗൺസിലറെ തിരഞ്ഞെടുക്കാനും കുടുംബസമേതം വോട്ട് ചെയ്യാൻ പോകും.