തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ രാഷ്ട്രീയ കരുനീക്കങ്ങൾക്കായി വലിച്ചിഴയ്ക്കരുതെന്ന് ഏജീസ് ഓഫീസ് ജീവനക്കാരുടെ സംഘടനയായ നാഷണൽ അക്കൗണ്ട്സ് അസോസിയേഷൻ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. കൃത്യമായ രേഖകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ ഓഡിറ്ര് റിപ്പോർട്ടിൽ ഒരു വരി പോലും എഴുതാറില്ല.ഏജീസ് ഓഫീസിൽ നിന്നും കരട് പാര തയ്യാറാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഓഫീസിന്റെ അഭിപ്രായം ആരായും.മറുപടി നൽകുന്നെങ്കിൽ അത് ഉൾപ്പെടുത്തിയാണ് കരട് പാര സി.എ.ജിക്ക് അയയ്ക്കുന്നത്. കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ ചെയ്യാൻ സി.എ.ജി കാര്യാലയത്തിന് പൂർണമായ അധികാരമുണ്ട്. ധനമന്ത്രിയുടെ മറിച്ചുള്ള വാദങ്ങൾ അറിവില്ലായ്മ കൊണ്ടായിരിക്കാമെന്ന് സംഘടന വ്യക്തമാക്കി. ഏജീസ് ഓഫീസിലെ അമ്പത് ശതമാനത്തിലധികം ജീവനക്കാർ ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനകളിൽ അംഗങ്ങളാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.