തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി നാളെ വൈകിട്ട് 3ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാകും.വരണാധികാരികളുടെ ഓഫീസ് നോട്ടീസ് ബോർഡുകളിൽ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയുടെ ഒരു കോപ്പി സ്ഥാനാർത്ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ നൽകും.നാമനിർദ്ദേശ പത്രികയിൽ സ്ഥാനാർത്ഥികൾ രേഖപ്പെടുത്തിയ പേരുകൾ മലയാളം അക്ഷരമാല ക്രമത്തിൽ ക്രമീകരിച്ചാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. സ്ഥാനാർത്ഥിയുടെ പേരിനൊപ്പം വിലാസവും മത്സരിക്കുന്ന ചിഹ്നവും ഉണ്ടാകും. സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഓരോ സ്ഥാനാർത്ഥിക്കും റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ കാർഡും നൽകും.