s

തിരുവനന്തപുരം: നാടുവാണ റാണിമാരുടെ പേരിൽ അറിയപ്പെടുന്ന പട്ടണത്തിൽ ഇപ്പോൾ പെൺപോര് മൂർച്ഛിച്ചിരിക്കുകയാണത്രേ. ഒരു മണ്ഡലത്തിലെ പ്രധാന എതിരാളികൾ നാത്തൂന്മാരാണ്. ആദ്യമൊക്കെ സൗഹൃദ മത്സരമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ യഥാർത്ഥ നാത്തൂൻപോര് തെളിഞ്ഞെന്നാണ് നാട്ടുകാരുടെ സംസാരം. തീർന്നില്ല... പോര് കൊഴുപ്പിക്കാനായി ഇവിടെ നിൽക്കുന്ന മൂന്നാം മുന്നണി സ്ഥാനാർത്ഥി ഇവരുടെ കുഞ്ഞമ്മയും. ആര് ജയിച്ചാലും കുടുംബത്തിന് ഒരു ജനപ്രതിനിധിയെ കിട്ടുമെന്ന സന്തോഷവുമുണ്ട്. ഒരുമിച്ച് ഭരിച്ച റസിഡന്റ്സ് അസോസിയേഷനിലെ വനിതാ ഭാരവാഹികൾ പരസ്‌പരം അങ്കം കുറിക്കുന്നതും ഈ പട്ടണത്തിൽ തന്നെ. ഇവിടെ നിന്നും 12 കിലോമീറ്റർ മാറി ജില്ലാ ഡിവിഷനിലേക്ക് ഒരു പാർട്ടിക്കുവേണ്ടി രണ്ടു മഹിളകൾ നാമനിർദ്ദേശപത്രിക സമർപ്പിച്ച് മത്സരരംഗത്തു നിൽക്കുന്നത് പാർട്ടി നേതാക്കളെ കുഴപ്പിക്കുകയാണ്. പാർട്ടിയുടെ വനിതാവിഭാഗം സംസ്ഥാന ഭാരവാഹി വാർഡിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞപ്പോഴാണ് എൻ.ആർ.ഐയായ മറ്റൊരു വനിതയെ എതിർ ഗ്രൂപ്പുകാർ മത്സര രംഗത്തിറക്കിയത്. രണ്ടുപേരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ' ആരെ കൊള്ളണം ആരെ തള്ളണം ' എന്നറിയാതെ സംസ്ഥാന നേതൃത്വം ആശയക്കുഴപ്പത്തിലാണ്. ഭാര്യയും ഭർത്താവും മാറി മാറി കൈവശം വച്ചിരിക്കുന്ന ചില വാർഡുകൾ ഗ്രാമപഞ്ചായത്തുകളിലുണ്ട്. അങ്ങനെയുള്ള തീരദേശ പഞ്ചായത്തിൽ ഭർത്താവ് സീറ്റെടുത്തപ്പോൾ ഭാര്യയ്ക്കൊരു വിമതസ്വരം. തൊട്ടടുത്ത വാർഡിൽ ഭാര്യയ്‌ക്ക് ടിക്കറ്റൊപ്പിച്ച് ഭർത്താവ് പ്രശ്‌നം പരിഹരിച്ചു. അടുത്ത തവണ അങ്ങോട്ടുമിങ്ങോട്ടും വച്ചുമാറാമല്ലോ. ജയിച്ചാൽ കുടുംബത്തിന് സീറ്റ് രണ്ട് !.