തിരുവനന്തപുരം: കിഫ്ബിയെ പരാമർശിക്കുന്ന സി.എ.ജി റിപ്പോർട്ടിനെ നിയമപരമായി നേരിടാൻ സർക്കാർ നടപടി തുടങ്ങി. ഹൈക്കോടതിയിലുള്ള കേസിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാനെക്കൂടി വാദത്തിനിറക്കും. ഡൽഹിയിലുള്ള സ്റ്രാൻഡിംഗ് കോൺസലിന് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. കരടുറിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമറിപ്പോർട്ടിൽ ഉൾപ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാൻ അനുമതിയില്ലെന്ന സി.എ.ജി വാദവും നിയമപരമായി നേരിടാനാണ് നീക്കം. സി.എ.ജി പരാമർശങ്ങളെ നിയമപരമായും രാഷ്ട്രീയമായും ഭരണപരമായും നേരിടാനാണ് സി.പി.എമ്മിന്റെയും സർക്കാരിന്റെയും തീരുമാനം. ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ റിപ്പോർട്ട് നടപടിക്രമങ്ങൾ തെറ്റിച്ച് തയ്യാറാക്കിയതാണെന്ന് സർക്കാർ വാദിക്കും.
കിഫ്ബി മസാല ബോണ്ട് ഇറക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച് തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാർത്തികേയൻ ഹൈക്കോടതിയിൽ നൽകിയ കേസാണ് സർക്കാരിന്റെ അടുത്ത അഗ്നിപരീക്ഷ. കേന്ദ്രസർക്കാർ, റിസർവ് ബാങ്ക്, എ.ജി, ലണ്ടൻ സ്റ്രോക്ക് എക്സസ്ചേഞ്ച്, കിഫ്ബി എന്നിവരെയൊക്കെ എതിർകക്ഷികളാക്കിയാണ് കേസ് നൽകിയത്. ഭരണഘടനയുടെ 293(1) വകുപ്പ് പ്രകാരം കേന്ദ്രസർക്കാരിന് മാത്രമേ വിദേശ വായ്പ വാങ്ങാൻ അധികാരമുള്ളൂ എന്നും സംസ്ഥാന സർക്കാർ സ്ഥാപനമായ കിഫ്ബിക്ക് അതിന് കഴിയില്ലെന്നുമാണ് ഹർജിക്കാരന്റെ വാദം. ഹർജിക്കാരന് അനുകൂലമാണ് തീർപ്പെങ്കിൽ സർക്കാരിന് വലിയ തിരിച്ചടിയാകും. കിഫ്ബിക്ക് വിദേശ വായ്പ സ്വീകരിക്കാമെന്നാണ് ഹൈക്കോടതി നിഗമനമെങ്കിൽ സർക്കാരിന് രാഷ്ട്രീയമായ നേട്ടമാകും.