ajith-and-vishnu-

കൊല്ലം: അപകടകരമായ തരത്തിൽ കാറോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ വിരോധത്തിൽ കണ്ണനല്ലൂരിലെ പൊലീസ് ഔട്ട് പോസ്റ്റും എസ്.ഐയുടെ കാറും എറിഞ്ഞുതകർത്ത യുവാക്കൾ അറസ്റ്റിൽ. കണ്ണനല്ലൂർ ചരുവിള വീട്ടിൽ അജിത്ത് (22), കണ്ണനല്ലൂർ ജനാർദ്ദന സദനത്തിൽ വിഷ്‌ണു (22) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് കല്ലേറുണ്ടായത്. ഔ‌ട്ട് പോസ്റ്റിന്റെ ജനൽച്ചില്ലുകൾ, ലാ ആൻഡ് ഓർഡർ എസ്.ഐ രഞ്ജിത്തിന്റെ കാറിന്റെ ചില്ലുകൾ എന്നിവയാണ് തകർന്നത്. പ്രദേശത്തെ സി.സി ടിവി കാമറകൾ നിരീക്ഷിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മണിക്കൂറിനകം ഇരുവരെയും പിടികൂടുകയായിരുന്നു.

കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ നിലവിൽ വന്ന ശേഷം എസ്.ഐമാരുടെ വിശ്രമകേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു

ഔട്ട് പോസ്റ്റ്. രാത്രിയിൽ സമീപത്തെ ഗ്രൗണ്ടിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിച്ചതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ ഔട്ട് പോസ്റ്റിൽ നിർബന്ധമായി ഇരിക്കാൻ തുടങ്ങിയത്. പ്രതികൾക്കെതിരെ അതിക്രമിച്ച് കടക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.