police

തിരുവനന്തപുരം: വൃദ്ധനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ പിടിയിലായി. വിഴിഞ്ഞം കരയടിവിള കൈതവിളാകം വീട്ടിൽ ഷെഫിൻ(23), വെങ്ങാനൂർ കൈതവിളാകം ആരതി ഭവനിൽ ജഗൻ എന്ന് വിളിക്കുന്ന അഖിരാജ് (22) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ 17നായിരുന്നു സംഭവം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ 63കാരൻ പാസ്റ്റർ ജാക്‌സനെയാണ് 8 അംഗ സംഘം ഹെൽമറ്റും തടികക്ഷണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. തലയ്ക്കും കണ്ണിനും സാരമായ പരിക്കേറ്റ പാസ്റ്റർ ചികിത്സയിലാണ്. സ്ഥലത്തെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. ഇതിനുശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ. സജി, സി.പി.ഒ മാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.