kovalam

കോവളം:കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണചക്രം ഒരുമിച്ചു തിരിക്കാൻ മൂന്നാം തവണയും മത്സരത്തിനൊരുങ്ങി ദമ്പതികൾ.ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിക്കുന്ന വെള്ളായണി പൂങ്കുളം ചരുവിള കീർത്തി ഭവനിൽ എസ്.കുമാർ (51),ഭാര്യ വി.സുധർമ (47) എന്നിവരാണ് ഒരേ വീട്ടിൽ നിന്ന് ഒരുമിച്ച് മൂന്നാം അങ്കത്തിനൊരുങ്ങുന്നത്. 2010–15 കാലയളവിൽ ഭരണ സമിതിയിൽ ഇവർ ഒരുമിച്ച് അംഗങ്ങളായിരുന്നിട്ടുണ്ട്. കഴിഞ്ഞ തവണ വി.സുധർമ്മയ്ക്ക് വിജയിക്കാനായില്ല.എസ്.കുമാർ പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു.പത്തൊൻപതാം വാർഡായ പൂങ്കുളത്ത് വി.സുധർമ്മയും ഇരുപത്തിയൊന്നാം വാർഡായ കാർഷിക കോളേജിൽ എസ്.കുമാറുമാണ് പോരിനിറങ്ങിയിരിക്കുന്നത്. ഇത്തവണയും മത്സരരംഗത്തുള്ള ഇരുവർക്കും ശുഭപ്രതീക്ഷയാണുള്ളത്. ഇവരുടെ രണ്ടുമക്കളിൽ മകളുടെ വിവാഹം കഴിഞ്ഞു. മകന് ജോലിയുണ്ട്. കാർഷിക കോളേജ് ജംഗ്ഷനിൽ അതിർത്തി പങ്കിടുന്ന വാർഡുകളിലേക്ക് പ്രചാരണത്തിനു പോകുന്നതും വരുന്നതും ഒരുമിച്ചാണ്. ഒരേ ആശയത്തിന് കീഴിൽ ആയതിനാൽ രാഷ്ട്രീയത്തെച്ചൊല്ലി വീട്ടിൽ കലഹമില്ലാത്തതാണ് മനസിന് ഏറെ സന്തോഷം പകരുന്നതെന്ന് സുധർമ്മ പറയുന്നു.