തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രം സംഘടിപ്പിക്കുന്ന അനന്തപുരി നൃത്ത സംഗീതോത്സവവും ശ്രീ ചിത്തിര തിരുനാൾ ജയന്തി ആഘോഷവും 22, 23, 24 തീയതികളിൽ പുന്നപുരം ശ്രീ ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കും.ഇന്ന് വൈകിട്ട് 4.30ന് കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.ചീഫ് കോ ഒാർഡിനേറ്റർ ശോഭനാ ജോർജ് അദ്ധ്യക്ഷയാകും. കലാകേന്ദ്രം ചെയർമാൻ ഡോ.ജി.രാജമോഹൻ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ ചെയർമാൻ വിനോദ് വൈശാഖി, കാരയ്ക്കാമണ്ഡപം വിജയകുമാർ,ഡോ.സി.സുരേഷ് കുമാർ, കെ.ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നൃത്ത വിഭാഗം മത്സര വിജയികൾക്കുള്ള സമ്മാനദാനവും അഭിലാഷ് വെങ്കിടാചലം അവതരിപ്പിക്കുന്ന സംഗീത സദസും ഉണ്ടായിരിക്കും. നാളെ നടക്കുന്ന നൃത്ത സംഗീതോത്സവം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ ഡോ.ബിജു രമേശ് സ്വാഗതം ആശംസിക്കും. നാദലയ രാഗതരംഗം വാദ്യോപകരണ പരിപാടിയും മോഹിനിയാട്ടവും അരങ്ങേറും.24ന് നടക്കുന്ന സംഗീതോത്സവ സമാപനത്തിന്റെ ഉദ്ഘാടനം കില ചെയർമാൻ വി.ശിവൻകുട്ടി നിർവഹിക്കും.ഡോ.ജെ.ഹരീന്ദ്രൻ നായർ മുഖ്യപ്രഭാഷണവും കെ.പി.ശങ്കരദാസ് അനുഗ്രഹപ്രഭാഷണവും നടത്തും. തുടർന്ന് സമ്മാനദാനം. കലാക്ഷേത്ര വിലാസിനി സംവിധാനം ചെയ്ത നൃത്ത നൃത്യങ്ങളും അരങ്ങേറും.