തിരുവനന്തപുരം: പ്രധാന ദീർഘദൂര സർവീസുകളിൽ ചിലത് കെ.എസ്.ആർ.ടി.സി പുനരാരംഭിക്കുന്നു.
എറണാകുളം- കൊല്ലൂർ മൂകാംബിക ക്ഷേത്രം, കോട്ടയം- പാണത്തൂർ, സുൽത്താൻ ബത്തേരി- മൂന്നാർ, തിരുവനന്തപുരം- മാട്ടുപ്പെട്ടി, കുമിളി- കൊന്നക്കാട്, പാലാ- കാസർകോട്, പാലാ - ബന്തുടുക്ക, ആലപ്പുഴ- മംഗലാപുരും സർവീസുകളാണ് പുനരാരംഭിക്കുന്നത്.
കൊല്ലൂരിലേക്കുള്ള സൂപ്പർ ഡീലക്സ് സർവീസ് വൈകിട്ട് 3.25ന് എറണാകുളത്തു നിന്നു പുറപ്പെട്ട് പുലർച്ചെ നാലരയ്ക്ക് എത്തും. അവിടെ നിന്നു വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടും. കോട്ടയം പാണത്തൂർ സൂപ്പർ എക്സ്പ്രസ് വൈകിട്ട് 5.30ന് പുറപ്പെടും. മൂന്നാറിലേക്കുള്ള എക്സ്പ്രസ് രാത്രി 8.45ന് സുൽത്താൻ ബത്തേരിയിൽ നിന്നു പുറപ്പെടും. മാട്ടുപ്പെട്ടി സൂപ്പർഫാസ്റ്റ് സെൻട്രൽ ഡിപ്പോയിൽ നിന്നു രാത്രി 10.30ന് പുറപ്പെടും. കൊന്നക്കാടിലേക്കുള്ള സൂപ്പർഫാസ്റ്റ് കുമിളിയിൽ നിന്നു വൈകിട്ട് 5ന് പുറപ്പെടും. പാലായിൽ നിന്നു കാസർകോട്ടേക്ക് മിന്നൽ എയർബസ് രാത്രി എട്ടരയ്ക്ക് പുറപ്പെടും. പാലാ- ബന്തുടുക്ക സൂപ്പർ എക്സ്പ്രസ് രാത്രി 7ന് തിരിക്കും. ആലപ്പുഴയിൽ നിന്നുള്ള മംഗലാപുരം സൂപ്പർ ഡീലക്സ് എയർബസ് വൈകിട്ട് 6.15ന് പുറപ്പെടും.
ടിക്കറ്റുകൾ www.online.keralartc.com വെബ്സൈറ്റിലൂടെയും Ente KSRTC എന്ന മൊബൈൽ ആപ്പിലൂടെയും റിസർവ് ചെയ്യാം.
ഐ.ടി വിഭാഗം ശക്തിപ്പെടുത്താൻ കെ.എസ്.ആർ.ടി.സിയിൽ താത്കാലിക ജീവനക്കാർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഐ.ടി വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിനായി താത്കാലിക ജീവനക്കാരെ നിയമിക്കുമെന്ന് എം.ഡി ബിജു പ്രഭാകർ അറിയിച്ചു.ഐ.ടി രംഗത്ത് പ്രവൃത്തി പരിചയമുള്ള സർക്കാർ പ്രോജക്ടുകൾ ചെയ്ത് പരിചയമുള്ള ജീവനക്കാരെയാണ് നാമമാത്രമായി നിയമിക്കുക.
റൂട്ട് ഷെഡ്യൂൾ തുടങ്ങി വിവിധ ഘട്ടങ്ങളിൽ ഉള്ള ബൃഹത്തായിട്ടുള്ള പദ്ധതിക്കാണ് സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുള്ളത്. ഇതിന് വേണ്ടി 16.98 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഐടി വിഭാഗത്തിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ,അക്കൗണ്ട് വിഭാഗത്തിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ, കൊമേഷ്യൽ വിഭാഗത്തിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികളലേക്ക് ജീവനക്കാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നത്.
ടിക്കറ്റേതര വരുമാനം കണ്ടെത്തുന്നതിന് വേണ്ടി നടപ്പിലാക്കുന്ന ലോജസ്റ്റിക്സ് വിഭാഗത്തിൽ ഉൾപ്പെടെ മാർക്കറ്റിംഗ് , കൊമേഷ്യൽ വിഭാഗങ്ങളലേക്ക് അതത് മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രൊഫഷൽസിനെയാണ് ആവശ്യം. ഏകദേശം 2500 ഓളം കോടി രൂപ കൈകാര്യം ചെയ്യുന്ന കെ.എസ്.ആർ.ടി.സിക്ക് ഒരു അക്കൗണ്ട്സ് വിഭാഗം പോലുമില്ല. ഓരോ ഡിപ്പോയിലും ലഭിക്കുന്ന വരുമാനം കൈകാര്യം ചെയ്യുന്നത് അഡ്മിനിസ്ട്രേഷൻ വിഭാഗം ജീവനക്കാർ തന്നെയാണ്.
മാർക്കറ്റിംഗ് വിഭാഗത്തിലും, എസ്റ്റേറ്റ് മാനേജിംഗ് വിഭാഗത്തിലും ആവശ്യമായ യോഗ്യതയും പരിചയവുമുള്ള കെ.എസ്.ആർ.ടിസിയിലെ ജീവനക്കാരെ തന്നെ ഇന്റേണൽ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുത്തു നിയമിക്കും. ഇതിന് വേണ്ടി പുതിയ മാർക്കറ്റിംഗ് വിഭാഗം രൂപീകരിച്ച് വരികയാണ്. ഡിപ്പാർട്ട്മെന്റ് പരീക്ഷവഴിയാകും ഇവിടെ ജീവനക്കാരെ നിയമിക്കുന്നതെന്നും എം.ഡി അറിയിച്ചു. കൊമേഷ്യൽ വിഭാഗത്തിലും ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണ നൽകുമെന്നും അദ്ദേഹം അറിയിച്ചു