തിരുവനന്തപുരം: സെക്രട്ടേറിയ​റ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന സംസ്ഥാന ഫോറൻസിക് ലാബ് റിപ്പോർട്ടിന് പിന്നാലെ വിദഗ്ദ്ധ പരിശോധനയ്ക്കായി പൊലീസ് കേന്ദ്ര ലാബിനെ സമീപിച്ചു. കൊച്ചിയിലെ സെൻട്രൽ ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്​റ്റിക് ടെക്‌നോളജിയിലേക്കാണ് സാമ്പിളുകൾ അയച്ചത്.

ഫോറൻസിക് ലാബിലെ പരിശോധനയ്ക്ക് ശേഷം മടക്കി നൽകിയ സാമ്പിളുകളാണ് കോടതിയുടെ അനുമതിയോടെ അയച്ചത്. ഫോറൻസിക് ലാബിൽ ലഭ്യമല്ലാത്ത ചില വിദഗ്ദ്ധ പരിശോധനകൾക്കായാണ് കേന്ദ്ര ലാബിനെ സമീപിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
പൊലീസ് ഉൾപ്പെടെയുള്ള നാല് ഏജൻസികൾ നടത്തിയ പരിശോധനയിലും തീപിടിത്തത്തിന് കാരണമായി കണ്ടെത്തിയത് ഷോർട്ട് സർക്യൂട്ടും ഫാൻ ഉരുകി വീണതുമാണ്. എന്നാൽ ഫോറൻസിക് ലാബിലെ ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളുടെ പരിശോധനയിൽ തീപിടിത്ത കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നാണ് തെളിഞ്ഞത്. തങ്ങളുടെ റിപ്പോർട്ടിന് വിരുദ്ധമായ ഫോറൻസിക് റിപ്പോർട്ട് വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് പൊലീസ് തയ്യാറായത്.