തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാനുള്ള അവസാന അവസരം നാളെ വൈകിട്ട് 3മണിവരെയാണ്. അതനുസരിച്ചായിരിക്കും വോട്ടിംഗ് യന്ത്രങ്ങളിൽ ബാലറ്റ് പേപ്പർ സെറ്റു ചെയ്യുക. സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനവും 23ന് ഉണ്ടാകും. ഇതെല്ലാം പരിഗണിച്ചാണ് ബാലറ്റ് പേപ്പറുകളും ഒരുക്കുക. പരമാവധി 15 പേരുകളാണ്. ഒരു യന്ത്രത്തിൽ ഒരുക്കാൻ കഴിയുക. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ പത്തിലേറെ സ്ഥാനാർത്ഥികളുള്ള മണ്ഡലങ്ങൾ കുറവാണ്.
അതേസമയം ഇക്കുറിയും നോട്ട ബാലറ്റ് പേപ്പറിൽ ഉണ്ടാകില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസിൽ നിന്ന് അറിയിച്ചു. സംസ്ഥാനത്ത് ഒരു തദ്ദേശതിരഞ്ഞെടുപ്പിലും നോട്ട ഇതുവരെ ഉപയോഗിച്ചിട്ടില്ല. സുപ്രീംകോടതിവിധി അനുസരിച്ച് 2009 ലാണ് നോട്ട ബാലറ്റ് പേപ്പറിൽ ഉൾപ്പെടുത്തിയത്. എന്നാൽ 1995 ൽ തയ്യാറാക്കിയ കേരളത്തിലെ പഞ്ചായത്തീരാജ് നിയമത്തിൽ ഇതിന് അനുസരിച്ചുളള ഭേദഗതി ഉൾപ്പെടുത്തിയിട്ടില്ല.
സ്ഥാനാർത്ഥിത്വം പിൻവലിക്കൽ: ആധികാരികത
ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ വരണാധികാരികൾ സ്വീകരിക്കാവൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. സ്ഥാനാർത്ഥി, നിർദ്ദേശകൻ, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവർക്കാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള നോട്ടീസ് നൽകാൻ സാധിക്കുക. നിർദ്ദേശകൻ, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവരാണ് നോട്ടീസ് നൽകുന്നതെങ്കിൽ സ്ഥാനാർത്ഥിയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കണം. അപേക്ഷ നൽകുന്നവരുടെ ആധികാരികത തിരിച്ചറിയൽ രേഖയുൾപ്പെടെയുള്ളവ പരിശോധിച്ച് വരണാധികാരി ഉറപ്പാക്കണം. ഫോറം -5ൽ പൂരിപ്പിച്ച് നൽകാത്ത അപേക്ഷകൾ സ്വീകരിക്കില്ല. നാളെ വൈകിട്ട് മൂന്ന് വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള നോട്ടീസ് നൽകാം.