തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരെ വിജിലൻസിന്റെ പക്കൽ ഒരു തെളിവുമുണ്ടായിരുന്നില്ലെന്ന് മുഖ്യവിവരാവകാശ കമ്മിഷണർ സ്ഥാനത്തു നിന്ന് ഇന്നലെ വിരമിച്ച വിൻസൻ എം.പോൾ ആവർത്തിച്ചു. വിജിലൻസ് ഡയറക്ടറായിരിക്കെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത് വിൻസൺ പോളായിരുന്നു.
അന്വേഷണ റിപ്പോർട്ടിൽ കെ.എം. മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും താൻ പറഞ്ഞിട്ടില്ല. തെളിവില്ലെന്ന തന്റെ കണ്ടെത്തലിൽ നിന്നു ഒരുപടി മുന്നോട്ടുപോകാൻ ഒരു അന്വേഷണ ഉദ്യോഗസ്ഥനും സാധിച്ചിട്ടുമില്ല. ഫയൽ പഠിച്ചിട്ട് വസ്തുത എന്തെന്ന വിചിന്തനത്തിന് ആരും താത്പര്യവും കാണിച്ചിട്ടില്ല. വിശദമായ അന്വേഷണം നടത്തിക്കഴിഞ്ഞപ്പോഴാണ് മാണിക്കെതിരെ സാക്ഷിമൊഴിയോ രേഖാമൂലമായ തെളിവുകളോ ഇല്ലെന്ന രീതിയിലേക്ക് വന്നത്.
പോൾ മുത്തൂറ്റിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് 'എസ് " കത്തിയാണെന്ന തന്റെ പ്രയോഗമാണ് ആ സംഭവത്തെ വലിയ വിവാദമാക്കിയത്. ഇത്തരം കത്തി പ്രത്യേക രാഷ്ട്രീയ പാർട്ടി ഉപയോഗിക്കുന്നതെന്ന് വന്നതോടെ വിവാദമായി.
മന്ത്റിസഭാ തീരുമാനങ്ങൾ പൂർണമായും വിവരാവകാശ നിയമപ്രകാരം നൽകണമെന്നതിൽ ഉറച്ചു നിൽക്കുന്നു. മന്ത്റിസഭാ തീരുമാനങ്ങൾ അറിയുക പൗരന്റെ അവകാശമാണ്.