gov

തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ പേരിൽ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ നിയന്ത്റണം ഏർപ്പെടുത്തി സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു.

വ്യക്തികളെ ഭീഷണിപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ വാറന്റില്ലാതെ അറസ്​റ്റ് ചെയ്യാനാണ് നിയമഭേദഗതി. ഇതിനായി പൊലീസ് ആക്ടിൽ 118എ എന്ന വകുപ്പു കൂട്ടിച്ചേർത്തു. കു​റ്റം തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ വിധിക്കാം. സാമൂഹിക മാദ്ധ്യമങ്ങളെ ഉദ്ദേശിച്ചാണ് ഭേദഗതിയെന്നാണ് പറയുന്നതെങ്കിലും പത്ര - ദൃശ്യ മാദ്ധ്യമങ്ങളും ഇതിന്റെ പരിധിയിൽ വരും. നിയമഭേദഗതി പൊലീസിന് അമിതാധികാരം നൽകുന്നതിനൊപ്പം മാദ്ധ്യമ സ്വാതന്ത്റ്യത്തെ ഹനിക്കുന്നതാണെന്ന ആക്ഷേപവുമുണ്ട്. ഐടി ആക്ടിലെ 66 എ വകുപ്പും കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്റ്യത്തിന് എതിരാണെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പകരം മ​റ്റു നിയമങ്ങളൊന്നും കേന്ദ്രം കൊണ്ടുവന്നില്ല. ഇത് സൈബർ ആക്രമണങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിന് തടസമായെന്ന വിലയിരുത്തിയാണ് ഭേദഗതി. ഡബ്ബിംഗ് ആർട്ടിസ്​റ്റ് ഭാഗ്യലക്ഷ്‌മി അടക്കമുള്ളവർക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നിയമം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്യം ഹനിക്കുന്നതാണെന്ന പേരിൽ ഐ. ടി നിയമത്തിലെയും പൊലീസ് നിയമത്തിലെയും ചില വകുപ്പുകൾ സുപ്രീംകോടതി ഒഴിവാക്കിയതിനെ മറികടക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരിന്റേതെന്ന വിമർശനവും ഉയർന്നു. അതിനാൽ വിദഗ്ദ്ധരുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് ഗവർണർ ഒപ്പിട്ടത്.