അതിരമ്പുഴ : സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തിനെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച ക്വട്ടേഷൻ സംഘവും ഏറ്റുമാനൂരിലെ വ്യവസായിയും പിടിയിലായി. അതിരമ്പുഴ സ്വദേശി കുടിലിൽ നെൽസൺ (58) നെയാണ് വ്യാപാരിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത സംഘം കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ എറണാകുളം മഞ്ഞുമ്മേൽ കവലയ്ക്കൽ ജോസ് കെ.സെബാസ്റ്റ്യൻ (45), പാലക്കാട് കള്ളിപ്പാടം കുനിയിൽ കെ.സുജേഷ് (32), തൃശൂർ ചേലക്കര തട്ടേക്കാട് ഭാഗം തൂണൂർക്കര ചിറക്കുഴിയിൽ സി.വി ഏലിയാസ്‌കുട്ടി, അതിരമ്പുഴ മറ്റംകവല കൂന്നാനിക്കൽ റെജി പ്രോത്താസിസ് കുന്നിക്കൽ (52) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്.
അതിരമ്പുഴ - പാറോലിക്കൽ റോഡിൽ ഐകരകുന്നേൽ ജംഗ്ഷനിലാണ് സംഭവം. ആക്രമണത്തിന് ഇരയായ നെൽസനും വ്യവസായിയും തമ്മിൽ സാമ്പത്തിക തർക്കം നിലവിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ സ്റ്റേഷനിൽ കേസുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്ത് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന നെൽസൺ മാന്നാനത്ത് വ്യവസായിയുമായി ബന്ധപ്പെട്ടുള്ള സ്ഥലമിടപാട് തർക്കത്തിലും ഇടപെട്ടിരിന്നു. ഇതു സംബന്ധിച്ചുള്ള തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. ഇന്നലെ രാവിലെ എഴോടെ പ്രഭാത നടത്തത്തിനെത്തിയ നെൽസണിനെ എതിർ ദിശയിൽ നിന്നെത്തിയ മഹാരാഷ്ട്ര രജിസ്ട്രഷനിലുള്ള കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ കാർ മതിലിൽ ഇടിച്ച് മറിഞ്ഞു. നെൽസൺ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും, സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇതിനിടയിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന ക്വട്ടേഷൻ സംഘം പുറത്തിറങ്ങി അത് വഴി എത്തിയ ഓട്ടോറിക്ഷയിൽ കയറി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. നെൽസനെ വിട്ടു ഉടമസ്ഥനും ഇതേ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വട്ടേഷൻ സംഘത്തെ കണ്ടുമുട്ടിയ നെൽസൺ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വ്യവസായിയുടെ വട്ടേഷനാണന്ന് മനസിലായത്.