തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയിലും ലോട്ടറി ടിക്കറ്റിന് ബംപർ ഭാഗ്യം - ടിക്കറ്റ് വിൽപ്പന ഒരു കോടി കടന്നു. നാളെ നറുക്കെടുക്കുന്ന വിൻവിൻ ഡബ്ലിയു 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച 1,00,20,000 ടിക്കറ്റുകളും വിറ്റു.

പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ച ശേഷം ആദ്യമായാണ് ഒരു ടിക്കറ്റ് വിൽന ഒരു കോടി കടക്കുന്നത്. നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകൾ ഒരു കോടി എട്ടു ലക്ഷം വരെ വിറ്റിരുന്നു. 2020 ജനുവരി-ഫെബ്രുവരി കാലത്തായിരുന്നു ഇത്.

40 രൂപ വിലയുള്ള ഒരു കോടി ഇരുപതിനായിരം ടിക്കറ്റുകൾ വിൽക്കുന്നതിലൂടെ സമ്മാനമായി 23.5 കോടി രൂപ വിതരണം ചെയ്യും. പുറമെ 28 ശതമാനം ജി.എസ്.ടി കേന്ദ്ര, സംസ്ഥാന ഖജനാവുകളിലും എത്തും. ബാക്കി ഏജന്റ് കമ്മിഷൻ, ലാഭം തുടങ്ങിയവയാണ്.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാർച്ച് 23 മുതൽ രണ്ടു മാസത്തോളം ടിക്കറ്റുകൾ റദ്ദാക്കുകയും നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ജൂലായിൽ പുനരാരംഭിച്ച ഭാഗ്യക്കുറി ഇപ്പോൾ ആഴ്ചയിൽ മൂന്നു നറുക്കെടുപ്പാണ് നടത്തുന്നത്.

ലോക്ക്ഡൗൺ ഇളവുകൾ വന്നപ്പോൾ ഭാഗ്യക്കുറികൾ മൊത്തം 48 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചാണ് പുനരാരംഭിച്ചത്. പുതിയ നേട്ടത്തോടെ ആഴ്ചയിലെ മൂന്ന് നറുക്കെടുപ്പ് ഡിസംബർ 1 മുതൽ അഞ്ചാക്കും. ഇതിനൊപ്പം എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ചു പേർക്ക് ലഭിക്കുന്ന ഭാഗ്യമിത്ര, ജനുവരി 17നു നറുക്കെടുക്കുന്ന 12 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ് പുതുവത്സര ബംബർ എന്നീ ടിക്കറ്റുകളും വിപണിയിലുണ്ടാകും.