തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ബിനാമി ഇടപാടുകളിൽ സംശയനിഴലിലുള്ള മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ കൊവിഡ് മുക്തനായ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണ്ടും നോട്ടീസ് നൽകും. അടുത്തയാഴ്ച ഹാജരാകാനാവും ആവശ്യപ്പെടുക. ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രൻ പങ്കാളിയാണെന്ന് ഇ.ഡിക്ക് വിവരം കിട്ടിയിരുന്നു. ശിവശങ്കറിനെ കാണാൻ സ്വപ്ന സെക്രട്ടേറിയറ്റിലെത്തുമ്പോൾ പല തവണ രവീന്ദ്രനെയും കണ്ടതായും, സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാർട്ടികളിൽ പങ്കെടുത്തതായും ഇ.ഡി പറയുന്നു. വടകര ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന് സ്വർണക്കടകളിലും വസ്ത്ര വ്യാപാരശാലകളിലും ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിലും ഷോപ്പിംഗ് മാളുകളിലും ബിനാമി നിക്ഷേപമുണ്ടെന്നും വടകരയിലെ ബന്ധുവാണ് പ്രധാന ബിനാമിയെന്നും ഇ.ഡിക്ക് വിവരം കിട്ടിയിട്ടുണ്ട്.
സ്വപ്നയെ ജയിലിൽ ചോദ്യംചെയ്യും
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജൻസികൾ നിർബന്ധിക്കുന്നതായി ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ സ്വപ്നയെ ഇ.ഡി ജയിലിലെത്തി ചോദ്യംചെയ്യും. ശിവശങ്കറിനൊപ്പം ഒക്ടോബറിൽ യു.എ.ഇയിൽ പോയി സി.എമ്മിന് വേണ്ടി സാമ്പത്തികയിടപാടുകൾ നടത്തിയിട്ടുണ്ടെന്ന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് ശബ്ദരേഖയിലുള്ളത്.
പ്രളയദുരിതാശ്വാസം തേടിയുള്ള ഉദ്യോഗസ്ഥ സംഘത്തെ സ്വപ്ന അനുഗമിക്കുന്ന വിവരം മുഖ്യമന്ത്റിക്ക് അറിയില്ലായിരുന്നെന്നാണ് ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികൾ. ശബ്ദരേഖയിലൂടെ ഈ വിവരം പുറത്തുവന്നതിനാൽ ഇക്കാര്യം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നാണ് സൂചന.