മലയിൻകീഴ്: ജില്ല പഞ്ചായത്ത് പള്ളിച്ചൽ ഡിവിഷൻ പിടിക്കാൻ മൂന്ന് മുന്നണികളും പ്രബലരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതോടെ മത്സരം തീപാറുന്നു. ഡിവിഷൻ നിലനിറുത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ കച്ചകെട്ടി ഇടതുമുന്നണിയും ബി.ജെ.പിയും രംഗത്തിറങ്ങിയതോടെ ആവേശം ഇരട്ടിച്ചു. വിളപ്പിൽ രാധാകൃഷ്ണൻ (എൽ.ഡി.എഫ്), എം.ആർ. ബൈജു (യു.ഡി.എഫ്.), മുക്കംപാലമൂട് ബിജു (എൻ.ഡി.എ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർത്ഥികൾ. പള്ളിച്ചൽ പഞ്ചായത്തിലെ 11വാർഡുകളും മലയിൻകീഴ് പഞ്ചായത്തിലെ 5 വാർഡ്, വിളവൂർക്കൽ, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും ഉൾപ്പടെ 53 വാർഡുകളാണ് ഡിവിഷനിലുള്ളത്. വിളപ്പിൽശാല ചവർ ഫാക്ടറിക്കെതിരായ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ വിളപ്പിൽ രാധാകൃഷ്ണനിലൂടെ ഡിവിഷൻ പിടിച്ചടക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ്, നിരവധി സന്നദ്ധ സംഘടനകളുടെ സംഘാടകൻ എന്നീ നിലകളിൽ ഏവർക്കും സുപരിചതനാണ് വിളപ്പിൽ രാധാകൃഷ്ണൻ. ഡി.സി.സി ജനറൽ സെക്രട്ടറിയാണ് എം.ആർ.ബിജു. 2010ൽ പള്ളിച്ചൽ ഡിവിഷനിൽ നിന്ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വെള്ളനാട് ബ്ലോക്ക് പാഞ്ചായത്ത് അംഗമായിരുന്ന ബൈജുവും വിളപ്പിൽശാല ചവർ ഫാക്ടറിക്കെതിരെ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ബി.ജെ.പി ദക്ഷിണ മേഖലാ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് മുക്കംപാലമൂട് ബിജു.
2010ൽ പള്ളിച്ചൽ ജില്ലാ ഡിവിഷനിൽ സ്ഥാനാർത്ഥിയായിരുന്നു. വിളപ്പിൽശാല ചവർഫാക്ടറിക്കെതിരെ നടന്ന ജനകീയ സമരത്തിൽ ബി.ജെ.പി.യുടെ മുൻനിര പോരാളിയായിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റായിരുന്നപ്പോൾ നിരവധി സമരങ്ങളിൽ പങ്കെടുത്ത് ജയിൽ വാസമനുഷ്ടിച്ചിട്ടുണ്ട്. കരുത്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ സാധിച്ചതോടെ മുന്നണികളും ആവേശത്തിലാണ്.