sthalam-parishodhikkunnu-

കല്ലമ്പലം: നിയമ ലംഘനങ്ങൾ കണ്ടെത്താൻ ദേശീയ പാതയിൽ കല്ലമ്പലത്തും സമീപ സ്ഥലങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറ സ്ഥാപിക്കും. കടമ്പാട്ടുകോണം, നാവായിക്കുളം, നഗരൂ‌ർ റോഡ്‌, ആലംകോട്, ശിവഗിരി, വർക്കല റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ് കാമറ സ്ഥാപിക്കുന്നത്.

ദേശീയ പാതയിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനും നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. കെൽട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് പഠനം നടത്തി വരികയായിരുന്നു. കഴിഞ്ഞ 16 ന് പുലർച്ചെ ദേശീയപാതയിൽ കടമ്പാട്ടുകോണം ഉദയൻ കാവ് ക്ഷേത്രത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് 7 പേർക്ക് പരിക്കേറ്റിരുന്നു. ഇതേ സ്ഥലത്ത് മുൻപ് വലിയ അപകടങ്ങൾ നടന്ന് നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. അപകടങ്ങൾ തുടർക്കഥയായതോടെയാണ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പും കെൽട്രോൺ ടെക്നിക്കൽ വിഭാഗം ജീവനക്കാരും സ്ഥലം സന്ദർശിച്ച് മേൽ നടപടികൾ സ്വീകരിച്ചു. കാമറ സ്ഥാപിക്കുന്ന മറ്റ് സ്ഥലങ്ങളിലും അപകടങ്ങളും നിയമ ലംഘനങ്ങളും നടക്കുന്നതായി ധാരാളം പരാതി ലഭിച്ചിരുന്നതായി തിരുവനന്തപുരം മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ പറഞ്ഞു.