കല്ലമ്പലം: പനയറയിലെ പത്ര രാജൻ എന്ന കേരളകൗമുദി എജന്റ് പെട്ടെന്നാണ് സ്ഥാനാർത്ഥി രാജനായത്. പത്ര വിതരണത്തിൽ 30 വർഷത്തെ പരിചയ സമ്പത്താണ് മത്സരിക്കാനുള്ള കരുത്ത്. ചെമ്മരുതി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്.
കോൺഗ്രസിൽ 45 വർഷം സജീവ പ്രവർത്തകനായിരുന്നു. ചെമ്മരുതി മണ്ഡലം ട്രഷററുമായിരുന്നു. എന്നിട്ടും സീറ്റു നിഷേധിച്ചതിനെ തുടർന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. അവസാന നിമിഷം വരെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കും എന്ന പ്രതീക്ഷിച്ചെങ്കിലും ഒടുവിൽ സീറ്റ് നൽകിയില്ല. ഇതേത്തുടർന്നാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് രാജൻ പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും മാറി ഭരിച്ച വാർഡിൽ വികസനം നടന്നിട്ടില്ലെന്നും രാജൻ പറയുന്നു.
വിജയിച്ചാൽ വാർഡിലെ തെരുവുനായശല്യവും, ഇടറോഡുകളുടെ ശോചനീയാവസ്ഥയും അർഹത ഉള്ളവർക്ക് ആനുകൂല്യം ലഭിക്കാനുള്ള കാലതാമസവും പരിഹരിക്കാൻ ശ്രമിക്കും. അതൊന്നും പ്രസംഗിച്ച് നടക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും രാജൻ പറയുന്നു. ഇലക്ട്രിക്കൽ ജോലികൾ കരാർ എടുത്ത് ചെയ്യുന്ന രാജന്റെ കീഴിൽ ഏതാനും ചെറുപ്പക്കാർ ജോലി ചെയ്യുന്നുണ്ട്. പോസ്റ്റർ ഒട്ടിക്കാനും വോട്ട് പിടിക്കാനും ഇവരും സഹായിക്കുന്നുണ്ട്. വർഷങ്ങൾ നീണ്ട പത്ര രംഗത്തെ ജനകീയത വോട്ടാക്കി മാറ്റാനാണ് ശ്രമം.