kerala-election

പോത്തൻകോട്: അഞ്ചുവർഷവും രാഷ്ട്രീയ ചരടുവലികൾക്ക് വേദിയായ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ മുന്നണി സ്ഥാനാർത്ഥികൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്.5 ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പോത്തൻകോട് ബ്ലോക്കിൽ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്.

2015 ലെ തിരഞ്ഞെടുപ്പിൽ 13 ബ്ലോക്ക് ഡിവിഷനുകളിൽ 7 എണ്ണം നേടി അധികാരത്തിലെത്തിയ യു.ഡി.എഫിലെ രണ്ട് അംഗങ്ങളെ മറുകണ്ടം ചാടിച്ചാണ് ഇടതുപക്ഷം നാല് കൊല്ലം ഭരണം കൈപ്പിടിയിലൊതുക്കിയത്.ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ജലജകുമാരിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണത്തിന് ഒരു വർഷമേ ആയുസുണ്ടായിരുന്നുള്ളു. അദ്ധ്യക്ഷ പദവിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം യു.ഡി.എഫ് അംഗം ജോളി പത്രോസ് പിന്തുണച്ചതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി.തുടർന്ന് ജോളി പത്രോസിന് പ്രസിഡന്റ് സ്ഥാനം നൽകി എൽ.ഡി.എഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു.കോൺഗ്രസ് പരാതിയിൽ ജോളി പത്രോസ് അയോഗ്യയാക്കപ്പെട്ടതോടെ മുരുക്കുംപുഴ ബ്ലോക്ക് ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് അംഗം ഷാനിബ ബീഗം മറുകണ്ടം ചാടി പ്രസിഡന്റായി.എൽ.ഡി.എഫിന്റെ രാഷ്ട്രീയ ചരടുവലികളിൽ യു.ഡി.എഫിന് പിടിച്ചുനിൽക്കാൻ കഴിയാത്തതിനെ തുടർന്ന് ശേഷിച്ച മൂന്നുവർഷം ഷാനിബയെ മുൻനിറുത്തി ഇടതുപക്ഷം ഭരണം നിലനിറുത്തി.

പാർട്ടിയിലെ തർക്കങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് വിനയായി തീർന്നെങ്കിൽ ഇത്തവണ പരമാവധി തർക്കങ്ങൾ ഒഴിവാക്കി ജനസമ്മതിയുള്ള പ്രബലരെയാണ് മൂന്നുമുന്നണികളും മത്സരത്തിനിറക്കിയിരിക്കുന്നത്.നിലവിലെ ഭരണ സമിതിയുടെ അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി,എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫ്. വോട്ടർമാരെ സമീപിക്കുന്നത്.