കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ ഏലകളിലുള്ള തലക്കുളങ്ങൾ സംരക്ഷിക്കണമെന്നാവശ്യം ശക്തമായിരിക്കുന്നു. ഒരുകാലത്ത് ഒറ്റൂരിലെ നെൽപ്പാടങ്ങളുടെ ശക്തിയായിരുന്നു തലക്കുളങ്ങൾ. ഏലായുടെ തുടക്കത്തിലും മറ്റും ഉയർന്ന ഭാഗത്തു നിർമിച്ചിരിക്കുന്ന കുളങ്ങളാണ് തലക്കുളങ്ങൾ. ഇവയിൽ നിന്നായിരുന്നു വേനൽക്കാലത്ത് പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിച്ചിരുന്നത്. വെള്ളം നിറഞ്ഞ കുളങ്ങളും തോടുകളും പ്രദേശത്തെ ഉപരിതല ജലനിരപ്പു താഴാതെ കാത്തു പോന്നു. കുളങ്ങൾ സംരക്ഷിക്കാതായതോടെ പഞ്ചായത്തുപ്രദേശത്തെ ജലവിതാനത്തിലും വിതരണത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. സംരക്ഷിച്ചു നിലനിർത്തിയാൽ നീന്തൽ പഠിക്കുന്നതിനും മീൻ വളർത്തലുൾപ്പെടെയുള്ള വിവിധ പദ്ധതികൾക്കും ഉപയോഗിക്കാവുന്ന കുളങ്ങളാണ് ഇവിടെ അനാഥമായിരിക്കുന്നത്. നാട്ടുകാർക്ക് മാലിന്യം വലിച്ചെറിയാനുള്ള ഇടങ്ങളായി തലക്കുളങ്ങൾ ഇതിനോടകം മാറിയിട്ടുണ്ട്. സാമ്പത്തികനഷ്ടവും തൊഴിലാളിക്ഷാമവും യന്ത്രസംവിധാനങ്ങളുടെ ലഭ്യതയില്ലായ്മയും കാരണം പലരും കൃഷി ഉപേക്ഷിച്ചു തുടങ്ങി. ഇതോടെ നെൽപ്പാടങ്ങൾ തരിശായി. പലരും നിലം നികത്തി മരച്ചീനിയും വാഴകളും നട്ടു. കുളങ്ങളോടനുബന്ധിച്ചുള്ള തോടുകൾ കൈയേറി മണ്ണിട്ട് നികത്തുന്ന സ്ഥിതിയായി. കുളങ്ങളിൽ പലതും ചെളിയും മണ്ണും നിറഞ്ഞ് നികന്നുതുടങ്ങി. കടുത്ത വേനലിലും ജലസമ്പന്നമായിരുന്ന ഈ കുളങ്ങൾ ഇന്ന് വേനലിന്റെ ആരംഭത്തിലേ വറ്റിപ്പോവുകയാണ്. പഞ്ചായത്ത് പ്രദേശത്ത് 16 തലക്കുളങ്ങളാണുള്ളത്. ഇവയെല്ലാം ഇപ്പോൾ പായൽമൂടി കിടക്കുകയാണ്. പലതിന്റെയും സംരക്ഷണഭിത്തികൾ തകർന്നിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ചില കുളങ്ങൾ സംരക്ഷിക്കാൻ നടപടിയെടുത്തതുമാത്രമാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ ആകെയുള്ള ഇടപെടൽ. അടുത്തിടെ കുളങ്ങൾ സംരക്ഷിക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തെങ്കിലും പൂർണമായും നടപ്പാക്കാൻ കഴിഞ്ഞില്ല. കുളങ്ങളെയും പൊതുകിണറുകളെയും ആശ്രയിച്ച് ചില ചെറുകിട കുടിവെള്ള പദ്ധതികൾ ആരംഭിച്ചെങ്കിലും പലതും പ്രവർത്തനക്ഷമമല്ല. ഇപ്പോൾ പഞ്ചായത്തിൽ വീണ്ടും നെൽക്കൃഷി ശക്തിപ്പെട്ടിട്ടുണ്ട്. തരിശുകിടന്ന പാടങ്ങളെല്ലാം കർഷകസംഘനയുടെ നേതൃത്വത്തിൽ കൃഷിയിറക്കുകയും ഒന്നാം വിളയ്ക്കു മികച്ച വിളവ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കുളങ്ങൾ സംരക്ഷിച്ച് വയലുകളിലേക്ക് വെള്ളമെത്തിക്കാനായാൽ പഴയ കാർഷിക പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
തലക്കുളങ്ങൾ
കിഴാംബ
മാമ്പഴക്കോണം
കാട്ടുചിറ
മഠത്തുവിളാകം
നമ്പ്യാർകോണം
പെരിഞ്ഞാംകോണം
ചിറവിളാകം
പ്രതികരണം
കടുത്ത വേനലിൽപോലും വെള്ളം വറ്റാത്ത ഒറ്റൂർപഞ്ചായത്തിലെ മുഴുവൻ കുളങ്ങളും സംരക്ഷിക്കപ്പെടണം. നീന്തൽ പഠിക്കുന്നതിനും മീൻ വളർത്തുന്നതിനും നെൽ കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നതിനും കുളങ്ങൾ അനിവാര്യമാണ്.
പ്രതീഷ്. എസ്
(പൊതുപ്രവർത്തകൻ)