കൊച്ചി: സ്ഥാനമൊഴിഞ്ഞ മേയർ സൗമിനി ജെയിനിന്റെ വീട്ടിലേക്ക് കൊച്ചി കോർപ്പറേഷനിലെ സുപ്രധാന ഫയലുകൾ കടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ശനിയാഴ്ച പൊലീസ് സംഘം കോർപ്പറേഷൻ ഓഫീസിലെത്തി സെക്രട്ടറിയുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കളക്ടർ ചുമതലയേറ്റശേഷവും നൂറോളം സുപ്രധാന ഫയലുകൾ മുൻ മേയറുടെ വീട്ടിൽ കൊണ്ടുപോയിട്ടുണ്ടെന്ന് പരാതി ലഭിച്ചതിനെതുടർന്ന് വെള്ളിയാഴ്ച കളക്ടർ കോർപ്പറേഷൻ സെക്രട്ടറിയുടെ റിപ്പോർട്ട് തേടിയിരുന്നു. സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ പരാതി പൊലീസിനു കൈമാറുകയായിരുന്നു. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും ചുമതല ഒഴിഞ്ഞശേഷവും മേയറുടെ വിട്ടിൽ ഫയലുകൾ കൊണ്ടുപോയതായി ജീവനക്കാർ സമ്മതിച്ചുവെന്നും ജില്ലാ കളക്ടർക്ക് ഡെപ്യൂട്ടി നൽകിയ റിപ്പോർട്ടിലുണ്ട്. അതേസമയം അവസാന കൗൺസിലിന്റെ ഫയലുകൾ ഒപ്പിടാൻ കൊണ്ടുപോയതാണെന്നു ജീവനക്കാരുടെ വിശദീകരണമെന്നറിയുന്നു. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ചാലേ ഏതൊക്കെ ഫയലുകൾ കൊണ്ടുപോയിട്ടുണ്ടെന്ന് അറിയാനാകൂ എന്നും സെക്രട്ടറി നൽകിയ റിപ്പോർട്ടിലുണ്ട്.സി.പി.എം സെൻട്രൽ ലോക്കൽ സെക്രട്ടറി എൻ.കെ പ്രഭാകര നായ്കാണ് കളക്ടർക്ക് പരാതി നൽകിയത്.