local-body-election

തിരുവനന്തപുരം: വോട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ഒരുകൂട്ടം ജയിലുകളിലുണ്ട്. തിരഞ്ഞെടുപ്പിനാവശ്യമായ സാധനസാമഗ്രികൾ നിർമ്മിച്ചാണിവരുടെ പങ്കാളിത്തം ഉറപ്പിക്കുന്നത്. വർഷങ്ങളായി തപാൽ വോട്ടിനുള്ള കവർ ജയിൽ വകുപ്പാണ് തയാറാക്കുന്നത്. ഈ പതിവ് ഇത്തവണയും തെറ്റിച്ചിയില്ല.

തപാൽ വോട്ടിനായുള്ള ഒരു കോടിയിലേറെ കവറുകളാണ് ജയിലുകളിൽ തയാറാക്കിയത്. ജയിലിലെ ഗവ. പ്രസ് യൂണിറ്റിലാണ് നിർമ്മാണം. ഒരു തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ഇത്രയും കവറുകൾ നിർമ്മിച്ചത്. കൊവിഡ് രോഗികൾക്ക് തപാൽ വോട്ടിന് അനുമതി നൽകിയതോടെ കവറുകളുടെ എണ്ണവും പതിന്മടങ്ങായി വർദ്ധിപ്പിച്ചു. ജയിലിൽ ജോലി ചെയ്യുന്ന 75 തടവുകാരും കവർ നിർമ്മിക്കുന്നുണ്ട്. 80 തടവുകാർ ജയിൽ ഓഡിറ്റോറിയത്തിലും കവർ നിർമ്മിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് നോട്ടിഫിക്കേഷൻ വരുന്നതിന് ദിവസങ്ങൾക്ക് മുമ്പേ ഇവ‌ർ ജോലിയാരംഭിച്ചിരുന്നു. നിർമ്മാണം ഇന്നോ നാളെയോ പൂർത്തിയാകും. വിവിധ ജില്ലകളിലേക്കുള്ള വിതരണം നേരത്തെ ആരംഭിച്ചിരുന്നു. പ്രസിലെ സ്ഥിരം ജോലിക്കാരായ തടവുകാർക്ക് 127 രൂപയും പുതുതായി എത്തിയവർക്ക് 53 രൂപയുമാണ് ദിവസവേതനം. രാവിലെ 7.30മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെയാണ് ഡ്യൂട്ടി.

 തടിപ്പെട്ടികളും ഇവിടുണ്ട്

പോളിംഗ് സാമഗ്രികൾ കൊണ്ടു പോകാനുള്ള തടിപ്പെട്ടികൾ നിർമ്മിച്ചു നൽകിയതും തടവുകാരാണ്. പൂജപ്പുര സെൻട്രൽ ജയിലിൽ പെട്ടികളുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. 3200 പെട്ടികളാവശ്യപ്പെട്ട് ഗവ.പ്രസാണ് ജയിൽ വകുപ്പിനെ സമീപിച്ചത്. ഇതിൽ മറ്റു ജില്ലകളിലേക്ക് പോകേണ്ട 2000 ലധികം പെട്ടികൾ നിർമ്മിച്ചു നൽകി. ശേഷിക്കുന്നവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇത് ഉടൻ കൈമാറുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. 1060 രൂപ നിരക്കിലാണ് പ്രസിന് തടിപ്പെട്ടികൾ നിർമ്മിച്ച് നൽകിയത്. ഓർഡർ അനുസരിച്ചായിരുന്നു നിർമ്മാണം.