thalavara

തിരുവനന്തപുരം: രാജ്യം ഭരിച്ച പാരമ്പര്യമുള്ള പാർട്ടിയുടെ വിദ്യാർത്ഥി ഘടകത്തിന്റെ ദേശീയ നേതാവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം. പ്രധാന പാർട്ടിയുടെ ദേശീയ സംഘടനാ നേതാവ് സീറ്റും ഓഫർ ചെയ്തു. ഡൽഹി കണക്ഷന്റെ ബലത്തിൽ കുട്ടി നേതാവ് പ്രവർത്തനം തുടങ്ങി. പേരിൽ അമ്പലം ഉള്ള ജില്ലയിലെ വടക്കൻ പ്രദേശത്തുകാരനാണ് ആൾ. ആദ്യം നേതാവിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്തിലാണ് കുട്ടി നേതാവിനു വേണ്ടി സീറ്റ് ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ പാർട്ടിയിലെ ഒരു ഗ്രൂപ്പ് നേതാവ് ഈ പേര് വെട്ടി. ആ വാർഡ് തങ്ങളുടെ ഗ്രൂപ്പിന്റെ കുത്തകയാണെന്നാണ് നേതാവിന്റെ വാദം. എന്തായാലും കുട്ടി നേതാവും നാമനിർദേശ പത്രിക സമർപ്പിച്ചു. ഫലത്തിൽ പാർട്ടിക്ക് രണ്ട് സ്ഥാനാർത്ഥികളായി. സംഭവം ഇപ്പോൾ ജില്ലാകമ്മിറ്റിയുടെ പരിഗണനയിലാണ്. ദേശീയ നേതാവിന്റെ അടുത്ത ആളാണ് ജില്ലാകമ്മിറ്റി തലവൻ. പക്ഷേ, ഗ്രൂപ്പ് വെട്ടിക്കളിക്ക് അദ്ദേഹവും തയ്യാറല്ലത്രേ.

നഗരത്തിൽ മാത്രമല്ല പട്ടണങ്ങളിലും ഇപ്പോൾ പോസ്റ്ററൊട്ടിക്കാനും കൊടികെട്ടാനും മുമ്പത്തെപോലെ പാർട്ടി പ്രവർത്തകരെ കിട്ടുന്നില്ല. പ്രധാന കാരണം കൊവിഡ് പേടിയാണ്. റിബലുകളും സ്വതന്ത്രന്മാരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. പിന്നെ ഒറ്റ ആശ്രയമേ ഉള്ളൂ. അന്യസംസ്ഥാന തൊഴിലാളികൾ. നാട്ടുകാരെ പോലെ ആക്രാന്തമൊന്നുമില്ല. ഒരു തുക കൊടുത്താൽ കൃത്യമായി ജോലി ചെയ്തു തീർത്തോളും! പരസ്യം പതിക്കരുത് എന്നെഴുതി വച്ചിരിക്കുന്നിടത്തും പോസ്റ്റർ കണ്ടാൽ ഉറപ്പാക്കിക്കോളണം പണി മലയാളിയുടേതല്ല എന്ന്.