പറവൂർ: ഓൺലൈൻ വെബ് സൈറ്റിൽ കാർ വില്കാനുണ്ടെന്ന് വ്യാജ പരസ്യം നൽകി യുവാവിൽ നിന്നും 32000രൂപ തട്ടി. മിടിലിട്ടറി കാന്റീൻ ജീവനക്കാരൻ ചമഞ്ഞാണ് പണം തട്ടിയത്. പെരുമ്പടന്ന സ്വദേശിയായ എബി പൗലോസാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.വെബ് സൈറ്റിലൂടെ കണ്ട കാർ ഇഷ്ടപ്പെട്ട എബി ഇടപാടുകാരനെ സമീപിച്ചു. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി കാന്റീനിലെ ജീവനക്കാരാനാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. ഹിന്ദിയിലായിരുന്നു സംസാരം. ഹിന്ദി വശമില്ലാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വിവരങ്ങൾ ചോദിച്ചു മനസിലാക്കി. വിശ്വസിപ്പിക്കാനായി ആർമിയുടെ തിരിച്ചറിയൽ കാർഡ്, ആധാർ, ലൈസൻസ് എന്നിവ ഇയാൾ എബിന് നൽകി. വിഡിയോകോൾ ചെയ്തപ്പോൾ ഇയാൾ മുഖം കാണിച്ചികരുന്നില്ല. തുടർന്ന് ഇടപാട് ഉറപ്പിച്ച് പണം നൽകി.കാർ വാങ്ങാൻ തിരുവനന്തപുരത്ത് എത്താമെന്ന് എബി അറിയിച്ചപ്പോൾ കൊവിഡിനെ തുടർന്ന് കാമ്പിൽ പുറത്ത് നിന്ന് ആരേയും പ്രവേശിപ്പിക്കില്ലെന്നും കാർ പാർസലായി കൈമാറുമെന്നും അറിയിച്ചു. തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് പണം വാങ്ങി. ഒടുവിൽ 50000 രൂപയും കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ എബി കൂടുതൽ വിവരങ്ങൾ അന്വേഷിച്ചിറങ്ങി. പിന്നീടാണ് ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പറും ബാങ്ക് രേഖകളും ഉത്തരേന്ത്യൻ സംസ്ഥാനത്തേതാണ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.