കാസർകോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60) യെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിന്റെ വിചാരണ 2021 ജനുവരി 11ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. വിചാരണക്ക് മുന്നോടിയായി ഇന്നലെ ഒരു പ്രതി ഒഴികെ മറ്റ് മൂന്നുപ്രതികളെ കോടതിയിൽ ഹാജരാക്കി. മധൂർ പട്ള കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽഖാദർ, പട്ള കുതിരപ്പാടിയിലെ ബാവ അസീസ്, മാന്യയിലെ ഹർഷാദ് എന്നിവരെയാണ് ഹാജരാക്കിയത്. ഇവരെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു.
സുബൈദ വധക്കേസിലെ വിചാരണയുമായി ബന്ധപ്പെട്ട നടപടികൾ മാസങ്ങൾക്കുമുമ്പെ ആരംഭിച്ചതാണെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. ചെക്കിപ്പള്ളത്തെ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന സുബൈദ 2018 ജനുവരി 17നാണ് കൊലചെയ്യപ്പെട്ടത്. 19നാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയതായി കണ്ടെത്തി. ഇതോടെ കൊലയ്ക്ക് പിന്നിൽ കവർച്ചാസംഘമാണെന്ന നിഗമനത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ സുള്ള്യ അജ്ജാവരയിലെ അബ്ദുൽ അസീസ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയാണുണ്ടായത്. സുബൈദയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം പിടി കൂടിയെങ്കിലും സുള്ള്യയിലെ കോടതിയിൽ മറ്റൊരു കേസിൽ ഹാജരാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. 2018 സെപ്തംബർ 14ന് ഉച്ചയോടെയാണ് അസീസ് രക്ഷപ്പെട്ടത്. രണ്ടു വർഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കൊടും കുറ്റവാളിയായ അബ്ദുൾ അസീസിനെ കുറിച്ച് വിവരം കൈമാറുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് നോട്ടീസിൽ വ്യക്തമാക്കി.
സ്ഥലം നോക്കിയെത്തി, ക്ലോറോഫോമിൽ മയക്കി
സ്ഥലം നോക്കാനെന്ന വ്യാജേനയാണ് സംഘം സുബൈദയുടെ വീട്ടിലെത്തിയത്. തുടർന്ന് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോകുകയായിരുന്ന സുബൈദയുടെ മുഖത്ത് സംഘം ബലമായി ക്ലോറോഫോം മണപ്പിക്കുകയും ബോധരഹിതയായപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിനകത്തുനിന്ന് സ്വർണാഭരണങ്ങൾ കവരുകയും ചെയ്തുവെന്നാണ് കേസ്. അന്നത്തെ ബേക്കൽ സി.ഐ വി.കെ വിശ്വംഭരനാണ് ഈ കേസിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം ഹൊസ്ദുർഗ് കോടതിയിൽ1500 പേജുള്ള കുറ്റപത്രം നൽകിയത്. ഒമ്പത് സാക്ഷികളെയും ഉൾപ്പെടുത്തിയിരുന്നു. 60 തൊണ്ടിമുതലുകളും ഹാജരാക്കി.