ll

 അന്വേഷണം,​ സി.എ.ജിയുടെ ആക്ഷേപങ്ങൾക്കു പിന്നാലെ

 റിസർവ് ബാങ്കിൽ നിന്ന് വിവരങ്ങൾ തേടി

തിരുവനന്തപുരം: സ്വർണക്കടത്തും ലൈഫ് കോഴയും ഉൾപ്പെടെ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കേസുകളുടെ അന്വേഷണത്തിനു പിന്നാലെ, സർക്കാരിന്റെ അഭിമാനപദ്ധതിയായ കിഫ്ബിയിലും അന്വേഷണമാരംഭിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)​. കിഫ്ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിലെ ആക്ഷേപങ്ങളും ധനമന്ത്രിയുടെ തിരിച്ചടിയുമുയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കു പിറകെയാണ് മസാല ബോണ്ടിനെക്കുറിച്ച് അന്വേഷണം. ബോണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ഇ.ഡി റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വികസന പദ്ധതികൾക്കു പണം കണ്ടെത്താൻ സർക്കാർ രൂപീകരിച്ച കിഫ്ബി പദ്ധതി ഇതോടെ ആശങ്കയുടെ നിഴലിലായി.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് മുഖേന 2150 കോടി രൂപ കിഫ്ബി മസാലബോണ്ട് വഴി കണ്ടെത്തിയത്. ഇത് സംസ്ഥാന സർക്കാരിനും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാണെന്നാണ് സി.എ.ജി റിപ്പോർട്ടിലെ ആക്ഷേപം. എന്നാൽ, കിഫ്ബി സർക്കാർ സ്ഥാപനമല്ലെന്നും, കോർപ്പറേറ്റ് സംരംഭമാണെന്നും സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. കോർപ്പറേറ്റ് സ്ഥാപനമായതിനാൽ കിഫ്ബിക്ക് വിദേശ വായ്പയെടുക്കാൻ കേന്ദ്രാനുമതിക്കു പകരം, ആർ.ബി.ഐ അനുമതി മതിയാവുമെന്നും, ഇൗ നടപടികൾ പാലിച്ചാണ് മസാലബോണ്ട് വഴി 9.72ശതമാനം പലിശയ്ക്ക് വായ്പയെടുത്തതെന്നുമാണ് സർക്കാർ നിലപാട്.

കിഫ്ബിക്ക് വിദേശ വായ്പയെടുക്കാൻ കേന്ദ്രാനുമതി ആവശ്യമുണ്ടോ, ആർ.ബി.ഐ അനുമതി നൽകിയിട്ടുണ്ടോ, അതിന്റെ അടിസ്ഥാനത്തിൽ വിദേശ വായ്പയെടുക്കാൻ കിഫ്ബിക്ക് നിയമപരമായി അധികാരമുണ്ടോ, കിഫ്ബിയുടെ വിദേശ വായ്പ ഫെമ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചാണോ തുടങ്ങിയ കാര്യങ്ങളാണ് റിസർവ് ബാങ്കിൽ നിന്ന് ഇ.ഡി തേടുന്നത്. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ, കിഫ്ബിയുമായി ബന്ധപ്പെട്ട അധികൃതർക്ക് നടപടി നേരിടേണ്ടി വരും.

ഭരണഘടനയുടെ 293 (1) അനുസരിച്ച് വിദേശ വായ്പയ്ക്ക് കേന്ദ്രാനുമതി വേണമെന്നതിന്റെ പരിധിയിൽ കിഫ്ബിയും വരുമെന്നും, മസാലബോണ്ടിന് ഇതില്ലാത്തതിനാൽ കിഫ്ബി ഒാഡിറ്റിന് വിധേയമാക്കണമെന്നുമാണ് സി.എ.ജി.വാദം. ഇതുൾപ്പെടുത്തിയുള്ള 2018-19 സി.എ.ജി.റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിനു മുമ്പ് വിശദാംശങ്ങൾ ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

50,​000 കോടിയുടെ

വികസന പദ്ധതി

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം വികസന പ്രവർത്തനങ്ങൾക്ക് മതിയാകാതെ വരുകയും, വായ്പാപരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ്,​ വായ്പയെടുത്ത് ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി കിഫ്ബി പദ്ധതി മാറ്റങ്ങളോടെ നടപ്പാക്കിയത്. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ 50,​000 കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി ആസൂത്രണം ചെയ്തത്. ഇതിൽ 6000 കോടിയുടെ പദ്ധതികൾ പൂർത്തിയായി. 30,​000 കോടിയുടെ പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണ്. ഇതിനിടയിലാണ് കേന്ദ്ര ഏജൻസിയുടെ ഇടപെടൽ.