swa

തിരുവനന്തപുരം: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദസന്ദേശത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്‌നയെ ക്രൈംബ്രാഞ്ച് സംഘം ഉടൻ ചോദ്യം ചെയ്യും. കോടതിയിൽ നിന്നോ ജയിൽ മേധാവിയിൽ നിന്നോ ഇതിനായി അനുമതി വാങ്ങും.
മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദസന്ദേശം. ശബ്ദരേഖയുടെ ആധികാരിതക ഉറപ്പിക്കാൻ ശാസ്ത്രീയപരിശോധനയ്ക്ക് കോടതി മുഖേന ലാബിലേക്ക് അയയ്ക്കും. ജയിൽ ഡി.ഐ.ജി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്റെ ശബ്ദമാണ് പ്രചരിക്കുന്നതെന്നും അട്ടക്കുളങ്ങര ജയിലിൽ വച്ചുള്ളതല്ലെന്നും സ്വപ്ന പറഞ്ഞിരുന്നു. എറണാകുളത്ത് വച്ച് ഇത്തരത്തിൽ പലരോടും സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. ജയിൽവകുപ്പും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

കണ്ടുപിടിക്കാൻ എളുപ്പം

ശബ്ദരേഖ പുറത്തുവിട്ട പോർട്ടലിൽ നിന്ന് എഡിറ്ര് ചെയ്യാത്ത ഒറിജിനൽ ടേപ്പ് പിടിച്ചെടുക്കുകയാണ് ആദ്യംവേണ്ടത്.

തിരുവനന്തപുരത്തെ ഫോറൻസിക് ലബോറട്ടറിയിൽ ഓഡിയോ അനാലിസിസ് പരിശോധനയുണ്ട്. ഇതിന് കൃത്യതയേറെയാണ്.

സ്വപ്നയുടെ ശബ്ദം റെക്കാഡ് ചെയ്തശേഷമാണ് പുറത്തുവന്ന ശബ്ദവുമായി പരിശോധന നടത്തുക. ഫലം ഒരാഴ്ചയ്ക്കകം കിട്ടും.