തിരുവനന്തപുരം: സൈബർ ആക്രമണങ്ങളെ നിയന്ത്രിക്കാനെന്ന വിശദീകരണവുമായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതി, മാദ്ധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണെന്ന വിമർശനം ശക്തമായതോടെ തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് മറ്റൊരു രാഷ്ട്രീയ വിവാദത്തിനു കൂടി വഴിമരുന്ന്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട്, സർക്കാരിനെ വിമർശിക്കുന്നവരുടെ നാവടക്കാനാണ് ഭേദഗതിയെന്നാണ് ആക്ഷേപം.
വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും മാദ്ധ്യമങ്ങളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ അഞ്ചു വർഷം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. ഏതെങ്കിലും മാദ്ധ്യമങ്ങൾ എന്നതിന്റെ പരിധിയിൽ സൈബർ മാദ്ധ്യമങ്ങൾ മാത്രമാവില്ല എന്നാണ് ആശങ്ക.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അപകീർത്തി വകുപ്പ് റദ്ദാക്കുമെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിൽ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച സി.പി.എം തന്നെ കേരള പൊലീസ് ആക്ടിൽ ജനാധിപത്യവിരുദ്ധമെന്ന വിമർശനങ്ങൾക്കു വിധേയമാകുന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചത് ഇടതുകേന്ദ്രങ്ങളിലും ആശയക്കുഴപ്പം സൃഷ്‌ടിച്ചിട്ടുണ്ട്. മാദ്ധ്യമ സ്വാതന്ത്ര്യം ഭീഷണിയിലാകുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച യു.ഡി.എഫും ബി.ജെ.പിയും ഇതു സൃഷ്ടിക്കുന്ന രാഷ്ട്രീയവികാരം മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ്.
ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് ജനാധിപത്യവിരുദ്ധ നിയമമുണ്ടാകുന്നത്, സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണെന്നും അവർ ആരോപിക്കുന്നു. ഐ.ടി ആക്ടിലെ 66 എ വകുപ്പ് സുപ്രീംകോടതി എടുത്തുകളഞ്ഞതിനെ ആദ്യം സ്വാഗതം ചെയ്ത പാർട്ടികളിൽ സി.പി.എമ്മും ഉണ്ടായിരുന്നു. ഇതേ വിധിയിലാണ് കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പും എടുത്തുകളഞ്ഞത്. നാഴികക്കല്ലാകുന്ന വിധിയെന്നാണ് സി.പി.എം പോളിറ്റ്ബ്യൂറോ ഇതിനെ വിശേഷിപ്പിച്ചത്. അതേ 118ാം വകുപ്പിൽ വിവാദ ഭേദഗതി ഇടതുസർക്കാർ തന്നെ കൊണ്ടുവന്നതാണ് വൈരുദ്ധ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അപകീർത്തിപ്പെടുത്തലും അപമാനിക്കലും വ്യക്തികേന്ദ്രീകൃതമാണ്. ആരെയെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമുണ്ടെന്ന് പൊലീസിന് തോന്നിയാൽ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാം. അത്തരം ഏകപക്ഷീയമായ പൊലീസ് നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നാണ് ആക്ഷേപം. അതേസമയം, വിമർശനങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാദ്ധ്യമപ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു.
പരാതിയില്ലെങ്കിലും കേസ്
ആരും പരാതിപ്പെട്ടില്ലെങ്കിലും സ്വമേധയാ കേസെടുക്കാനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും പൊലീസിന് അധികാരം നൽകുന്ന (കോഗ്നിസബിൾ ) വകുപ്പാണ് ഭേദഗതിയിൽ കൂട്ടിച്ചേർത്തത്.
പൊലീസ് ആക്‌ട് ഭേദഗതി: എസ്.ഒ.പി തയ്യാറാക്കും
തിരുവനന്തപുരം: കേരള പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിപ്രകാരം നടപടികൾ സ്വീകരിക്കുന്നതിനുമുമ്പ് ഇതുസംബന്ധിച്ച പ്രത്യേക നടപടിക്രമം ( സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ- എസ്. ഒ.പി ) തയ്യാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്.ഒ.പി തയ്യാറാക്കുക. ഓർഡിനൻസ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിത്.
പൊലീസ് നിയമ ഭേദഗതി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാദ്ധ്യമപ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പുതിയ നിയമത്തിനെതിരെ വിമർശനവും ആശങ്കയും ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ക്രിയാത്മക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബഭദ്രത പോലും തകർക്കും വിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാദ്ധ്യമപ്രവർത്തനത്തിന്റെ മറവിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ നടത്തുന്നതായി സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം പരാതി നൽകിയിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഇതിന്റെ ദുരന്തം അനുഭവിക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങൾ മാദ്ധ്യമപ്രവർത്തനമാകുന്നില്ല. പലപ്പോഴും ഇതിനു പിന്നിലുളളത് പണമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ്. മാദ്ധ്യമസ്വാതന്ത്ര്യത്തിനൊപ്പം പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നൽകുന്ന അന്തസ് എന്നിവ സംരക്ഷിക്കാനും സർക്കാരിന് ചുമതലയുണ്ട്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെയോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവിൽ മാദ്ധ്യമസ്വാതന്ത്ര്യത്തെയോ ഹനിക്കരുത്. വ്യക്തിയുടെ അന്തസിനെ നിഷേധിക്കുന്നതിനെതിരായ അന്താരാഷ്‌ട്ര നിയന്ത്രണങ്ങളുമായി ചേർന്നു പോകുന്ന നിയന്ത്രണങ്ങളേ പൊലീസ് നിയമഭേദഗതിയിലുള്ളൂ. വ്യക്തിയുടെ അന്തസ്സിനും മാന്യതയ്ക്കും ഭരണഘടനാപരമായ പരിരക്ഷയുണ്ട്. അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. ചില വ്യക്തിഗത ചാനലുകൾ എന്തുമാകാമെന്ന അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത് സാമൂഹിക ക്രമം അട്ടിമറിക്കും. ഭരണഘടനയുടെയും നിയമത്തിന്റെയും പരിധിക്കുള്ളിൽ നിന്ന് എത്ര ശക്തമായ വിമർശനം നടത്താനുമുള്ള സ്വാതന്ത്ര്യത്തെ ഭേദഗതി ബാധിക്കില്ല. നല്ല അർത്ഥത്തിൽ ആർക്കും ഇതിൽ സ്വാതന്ത്ര്യലംഘനം കാണാനാവില്ല. മറ്റുള്ളവരുടെ ജീവിതം തകർക്കലാണ് തന്റെ സ്വാതന്ത്ര്യമെന്ന് കരുതുന്നവർക്കേ സ്വാതന്ത്ര്യലംഘനം കാണാനാകൂ. മാദ്ധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകൾക്കും വിധേയമായ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. സ്ത്രീകളും ട്രാൻസ്‌ജെൻഡറഉകളും നേരിടുന്ന സൈബർ ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ ഭേദഗതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മൗലികാവകാശങ്ങളുടെ ലംഘനം: ചെന്നിത്തല തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങൾ തടയാനെന്ന പേരിൽ ഇടതു സർക്കാർ കൊണ്ടുവന്ന മാദ്ധ്യമ മാരണ ഓർഡിനൻസ് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹ വാർത്താമാദ്ധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി 118 (എ) എന്ന ഉപവകുപ്പ് ചേർത്തത്. പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയുന്ന കോഗ്‌നസിബിൾ വകുപ്പായതിനാൽ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങൾ പറയുന്ന മാദ്ധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാൻ സർക്കാരിന് കഴിയും. ഒരു വാർത്തയോ, ചിത്രമോ, അഭിപ്രായ പ്രകടനമോ വ്യക്തിഹത്യയും അപകീർത്തികരവുമാണെന്ന് പൊലീസ് എങ്ങനെ തിരുമാനിക്കും. സർക്കാരിനെതിരെ പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേസെടുക്കാം. തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് ചെന്നിത്തല ആരോപിച്ചു.