തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾ തടയാനെന്ന പേരിൽ പൊലീസ് ആക്ടിലെ ഭേദഗതി മാദ്ധ്യമ സ്വാതന്ത്ര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.പത്ര, ദൃശ്യ,ഓൺലൈൻ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ പേരിൽ ഈ നിയമം അനുസരിച്ച് ഏത് വ്യക്തിക്കും പരാതി നൽകാൻ കഴിയും. മന്ത്രിമാർക്കെതിരായ പരാമർശത്തിന്റെ പേരിൽ മൂന്ന് കൊല്ലം തടവും 10000 രൂപ പിഴയും ചുമത്തുന്ന കേസുകൾ എടുക്കാനാകും. സൈബർ കുറ്റകൃത്യങ്ങളെ തടയാൻ ആവശ്യമായ നിയമത്തെ ആരും ചോദ്യം ചെയ്യുകയില്ല. എന്നാൽ ഇത്തരമൊരു കരിനിയമത്തിലൂടെയല്ല അത് സാദ്ധ്യമാക്കേണ്ടതെന്നും ഹസൻ പറഞ്ഞു.