വള്ളക്കടവിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഇന്ന് വിവാഹം
തിരുവനന്തപുരം: ഇവിടെ കല്യാണം, അവിടെ തിരഞ്ഞെടുപ്പ്...എന്ന് പറയുന്നത് പോലെയാണ് വള്ളക്കടവ് വാർഡിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ. പ്രചാരണ തിരക്കിനിടയിലും ഇവിടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കല്യാണമാണിന്ന്. മുസ്ലിം ലീഗ് ടിക്കറ്റിൽ മത്സരിക്കുന്ന ഡോ. അൻവർ നാസറാണ് വിവാഹിതനാകുന്നത്. മണക്കാട് സ്വദേശിയും നാഷണൽ കോളേജ് അദ്ധ്യാപികയുമായ രോഷ്നി അമീറാണ് വധു.
കൊവിഡ് വ്യാപനത്തിന്റെ പേരിൽ നീണ്ടുപോയ കല്യാണമാണ് ദന്ത ഡോക്ടർ കൂടിയായ അൻവറിന്റേത്. ആഗസ്റ്റിൽ നടത്താനിരുന്ന വിവാഹം കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഇന്നത്തേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു. ഇതിനിടയിൽ സ്ഥാനാർത്ഥിത്വം തേടിയെത്തി. തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെങ്കിലും ഇനിയും വിവാഹം നീട്ടിക്കൊണ്ടു പോകേണ്ടെന്ന് ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇന്ന് വിവാഹ ചടങ്ങുകൾ മാത്രം നടത്തിയ ശേഷം സൽകാരം സിസംബർ 11ന് നടത്താനാണ് തീരുമാനം.
ഇന്ന് രാവിലെ 11.30ന് വള്ളക്കടവ് ജുമാ മസ്ജിദിൽ വച്ച് നിക്കാഹ് മാത്രം നടക്കും. ശേഷം വരനും അടുത്ത ഏതാനും ബന്ധുക്കളും മാത്രമായി വധുവിനെ വരന്റെ വീട്ടിലേക്ക് കുട്ടിക്കൊണ്ടുവരും. കല്യാണത്തിനായി ഇന്ന് മാത്രം പ്രചാരണ രംഗത്ത് നിന്നും അവധിയെടുത്ത് നാളെ മുതൽ തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകാനാണ് അൻവറിന്റെ തീരുമാനം.