1

പൂവാർ: ബുദ്ധിമാന്ദ്യമുള്ള സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആറ് മാസത്തിനുശേഷം ഭർത്താവും പാസ്റ്ററും പൊലീസ് പിടിയിലായി. പരണിയം സ്വദേശി കുഞ്ഞുമോൻ, തൃശൂർ സ്വദേശി പാസ്റ്റർ വില്യം ജോൺ എന്നിവരാണ് അറസ്റ്റിലായത്.40 ശതമാനം ബുദ്ധിമാന്ദ്യമുള്ള യുവതിക്ക് വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികൾ ഇല്ലാത്തതിനാൽ ചികിത്സയ്ക്കെന്ന വ്യാജേന തൃശൂരിൽ എത്തിച്ച ശേഷമാണ് പീഡിപ്പിച്ചത്.

ജൂണിലാണ് സംഭവം നടന്നത്. യുവതിയെയും കൂട്ടി കുഞ്ഞുമോൻ തൃശൂരിലെ വില്യം ജോണിന്റെ വീട്ടിലെത്തി. 5 ദിവസം അവിടെ ഉണ്ടായിരുന്ന യുവതിയെ ഭർത്താവ് ചികിത്സയുടെ ഭാഗമെന്ന് ധരിപ്പിച്ച് വില്യം ജോൺ പീഡിപ്പിക്കുകയായിരുന്നു. എതിർത്ത യുവതിയെ ഭർത്താവ് കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തിയതായി പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കാഞ്ഞിരംകുളത്തിന് സമീപം ചാണിയിലെ പ്രാർത്ഥനാ കേന്ദ്രവുമായുള്ള പരിചയമാണ് കുഞ്ഞുമോന് വില്യം ജോണുമായുള്ളത്. വീട്ടിലെത്തിയ യുവതി ചേച്ചിയോട് വിവരം ധരിപ്പിച്ചു. തെട്ടടുത്ത ദിവസം പൂവാർ പരാതി നൽകിയിട്ടും കണ്ടെയ്ൻമെന്റ് സോൺ എന്ന കാരണം പറഞ്ഞ് പൊലീസ് അവരെ തിരിച്ചയച്ചു. പൂവാർ സി.ഐ, ഡി.വൈ.എസ്.പി, റൂറൽ എസ്.പി, വനിതാ സെൽ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ കാഞ്ഞിരംകുളം സ്വദേശിയായ പരാതിക്കാരി കഴിഞ്ഞ ഒക്ടോബർ 3 ന് ഡി.ജി.പിക്ക് നൽകിയ പരാതിയെ തുടർന്ന് കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് പൂവാർ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് കുഞ്ഞുമോനെ പിടികൂടി തൃശൂരിൽ എത്തിച്ച് വില്യം ജോണിനെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തി.