vote

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ വോട്ടർമാരായി കണക്കാക്കുന്ന കൊവിഡ് രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ സ്‌പെഷ്യൽ ബാലറ്റ് പേപ്പർ നൽകും. ഇതിനായി സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, അസി.പോളിംഗ് ഓഫീസർ എന്നിവരെ നിയോഗിക്കും. സ്‌പെഷ്യൽ വോട്ടർ പട്ടികയും തയ്യാറാക്കും.

തിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് സ്‌പെഷ്യൽ വോട്ടർമാരുടെ കണക്കെടുപ്പ് തുടങ്ങും. പോളിംഗിന് തലേദിവസം വൈകിട്ട് മൂന്ന് മണി വരെയുള്ളവരെ ലിസ്റ്റിൽ ഉൾപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാർ സ്‌പെഷ്യൽ വോട്ടർപട്ടിക തയ്യാറാക്കും. കളക്ടർമാർ നിയോഗിക്കുന്ന സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, അസി.ഓഫീസർ എന്നിവർ ബാലറ്റുകൾ വിതരണം ചെയ്യും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിലെത്തി ബാലറ്റ് കൈമാറി കഴിഞ്ഞാൽ ഇതോടൊപ്പം നൽകുന്ന സമ്മതപത്രവും ഒപ്പിട്ടു കവർ ഒട്ടിച്ച് കൈമാറണം. അല്ലെങ്കിൽ, വോട്ടർക്ക് തപാൽ വഴി വോട്ടെണ്ണലിന് മുൻപ് തിരഞ്ഞെടുപ്പ് ഓഫീസർക്ക് എത്തിക്കാം. ആശുപത്രിയിൽ കഴിയുന്നവർക്കും സമാനമായ സൗകര്യമൊരുക്കും.

ടോക്കൺ

സംവിധാനം

പോളിംഗിന് തലേ ദിവസം മൂന്നു മണിക്ക് ശേഷം കൊവിഡ് പോസിറ്റീവാകുകയോ, നിരീക്ഷണത്തിലാവുകയോ ചെയ്യുന്നവർക്ക് (സ്‌പെഷ്യൽ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർ) പോളിംഗിൻെറ അവസാന മണിക്കൂറിൽ പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യാം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ ലിസ്റ്റ് അടിയന്തരമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറണം.തുടർന്ന് പോളിംഗ് ബൂത്തിൽ മറ്റ് വോട്ടർമാരുടെ തിരക്ക് ഒഴിവാകുന്ന മുറയ്ക്ക് ഇവരെ ആംബുലൻസിലോ മറ്റ് വാഹനങ്ങളിലോ എത്തിച്ച് വോട്ടു ചെയ്യിക്കണം. ഇത്തരം വോട്ടർമാർ കൂടുതലുണ്ടെങ്കിൽ ടോൺ നൽകി കാത്തുനിൽക്കാത്തവിധം വോട്ടു ചെയ്യിക്കണം.