kerala-local-body-electio

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രികകൾ പിൻവലിക്കാനും പാർട്ടി ചിഹ്നം നൽകാനുമുള്ള അവസരം ഇന്ന് വൈകിട്ട് മൂന്നിന് അവസാനിക്കും. ഇതോടെ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയും.

ഇത്തവണ 1,68,028 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. എത്രപേർ പത്രിക പിൻവലിക്കുമെന്നത് അനുസരിച്ചാണ് പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിക്കുക. നാളെ മുതൽ 14 ദിവസം പ്രചരണത്തിനായി കിട്ടും. ഡിസംബർ എട്ടുമുതൽ വോട്ടെടുപ്പ് തുടങ്ങും. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ കത്ത് ഇന്ന് വൈകിട്ട് മൂന്നിന് മുമ്പ് സമർപ്പിച്ചാൽ മതിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധനാ സമയത്ത് കത്ത് ഹാജരാക്കണമെന്ന് ചില വരണാധികാരികൾ ആവശ്യപ്പെടുന്നതായുള്ള പരാതിയെ തുടർന്നാണ് കമ്മിഷൻ വ്യക്തത വരുത്തിയത്. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും 23ന് വൈകിട്ട് മൂന്നിന് ശേഷം വരണാധികാരി ഫാറം 6ൽ രേഖപ്പെടുത്തി സൈറ്റിൽ നൽകണം.
രാഷ്ട്രീയ പാർട്ടികൾ അവർക്ക് അനുവദിച്ചിട്ടുള്ള ചിഹ്നം തന്നെ നിർബന്ധമായും നൽകണം. ഇതിനായി രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന/ ജില്ലാ ഭാരവാഹി നൽകിയ അധികാര പത്രം സ്ഥാനാർത്ഥികൾ വരണാധികാരിക്ക് സമർപ്പിക്കണം. ചിഹ്നങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ടെങ്കിൽ അത് ആ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് നൽകണം. പാർട്ടിയുടെ സ്ഥാനാർത്ഥി ഇല്ലാത്ത സാഹചര്യത്തിൽ മറ്റൊരു സ്വതന്ത്രനും ചിഹ്നം അനുവദിക്കാം. കമ്മീഷൻ ചിഹ്നം അനുവദിക്കാത്ത പാർട്ടി സ്ഥാനാർത്ഥികളെയും മറ്റുള്ളവരെയും സ്വതന്ത്രരായി പരിഗണിക്കും.

ഒരു രാഷ്ട്രീയ പാർട്ടി ഒന്നിലധികം ഗ്രൂപ്പുകളായി പ്രവർത്തിച്ചാൽ അവർക്ക് കമ്മിഷൻ അനുവദിച്ചിട്ടുള്ള പേരും ചിഹ്നവുമാണ് നൽകേണ്ടത്. ഒരു സ്വതന്ത്ര ചിഹ്നത്തിന് ഒന്നിലധികം സ്ഥാനാർത്ഥികൾ അപേക്ഷിച്ചാൽ നറുക്കെടുപ്പ് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.