തിരുവനന്തപുരം: പത്രിക പിൻവലിക്കാനുള്ള അവസാനതീയതി അവസാനിക്കുന്നതോടെ മത്സരത്തിന്റെ പൂർണ ചിത്രം ഇന്ന് തെളിയും. ഓരോ വാർഡിലും എത്രപേരാണ് സ്ഥാനാർത്ഥികളായി ഒടുവിൽ ഉണ്ടാവുകയെന്ന് ഇന്നറിയാം. ഇനിയുള്ള ഓരോ ദിവസവും സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും വിശ്രമമില്ലാത്ത പകലിരവുകളാകും സമ്മാനിക്കുക.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ച് ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് ഇടതുമുന്നണിയായിരുന്നു. ചുരുക്കം ദിവസങ്ങൾകൊണ്ട് കാര്യമായ പരാതികളില്ലാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും പ്രചാരണത്തിൽ സജീവമാകുകയും ചെയ്തു. ചിലയിടങ്ങളിൽ ഇന്നലെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളാരെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നത്. അതുവരെ സ്ഥാനാർത്ഥിയെന്ന് അവകാശപ്പെട്ട് പ്രചാരണ രംഗത്ത് സജീവമായിരുന്നവർ പലരും കളത്തിന് പുറത്തായി. ഇതോടെയുണ്ടായ അസ്വാരസ്യങ്ങൾ മുന്നണിയിൽ അടങ്ങിയിട്ടില്ല. പുറത്തായവർ തന്നെ വിമതന്മാരായി ചിലയിടങ്ങളിൽ രംഗത്തുണ്ട്.
എൻ.ഡി.എ മുന്നണിയിലും ചിലയിടങ്ങളിൽ അവസാന നിമിഷമാണ് സ്ഥാനാർത്ഥികൾ തീരുമാനമായത്. നേരത്തേ വിമത ഭീഷണിയുമായി പത്രിക നൽകിയിരുന്നവരിൽ പലരെയും നേതൃത്വങ്ങൾ ഇടപെട്ട് പിന്തിരിപ്പിച്ചതോടെ ഭൂരിപക്ഷം പേരും കളമൊഴിഞ്ഞു . എന്നാൽ മാറില്ലെന്ന വാശിയുമായി നിലയുറപ്പിച്ചിട്ടുള്ള സ്വതന്ത്രന്മാർ പ്രചാരണവുമായി രംഗത്തുണ്ട്.
സ്വതന്ത്രരും സ്ട്രോംഗാണ്
കൊവിഡ് നിയന്ത്രണങ്ങൾ ആശ്വാസകരമായത് സ്വതന്ത്രന്മാർക്കാണ്. മുന്നണികൾ കൂടുതൽ ആളുകളെ കൂട്ടി വോട്ട് അഭ്യർത്ഥിച്ചു പോകുമ്പോൾ ഒന്നുരണ്ടാളുകളുമായി വോട്ട് പിടിക്കാൻ പോകുന്നതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം വരെ സ്വാതന്ത്രർ ചെയ്തിരുന്നത്. എന്നാൽ ഇക്കുറി മുന്നണികളും സ്വതന്ത്രന്മാരും മൂന്ന് പേർ വീതം മാത്രമായാണ് വോട്ട് അഭ്യർത്ഥിച്ചു പോകുന്നത്.
കളികൾ മാറും
വരും ദിവസങ്ങളിൽ ഒപ്പത്തിനൊപ്പമെത്താൻ വേണ്ട പരിശ്രമമാകും മുന്നണികൾ നടത്തുക. ഇതിനായി ഓരോ സ്ഥലങ്ങളിലെയും സാദ്ധ്യതക്കനുസരിച്ചാകും പ്രവർത്തനം. കൂടുതൽ സ്‌ക്വാഡുകൾ തയ്യാറാക്കിയും പ്രചാരണം കൂടുതൽ കടുപ്പിച്ചും കളം നിറയാനുള്ള പദ്ധതികളാകും ആവിഷ്‌കരിക്കുക. അഭ്യർത്ഥന നോട്ടീസ് വിതരണം ചെയ്യുകയാണ് ആദ്യ പദ്ധതി. സ്ഥാനാർത്ഥികൾ വാർഡിൽ കുറഞ്ഞത് രണ്ടു റൗണ്ടെങ്കിലും പര്യടനം പൂർത്തീകരിച്ച ശേഷം ദുർബലമായ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കും. ചാഞ്ചാടി നിൽക്കുന്നവരെ അടുപ്പിക്കാൻ പ്രത്യേക തന്ത്രവും ആവിഷ്‌കരിക്കും. വരും ദിവസങ്ങളിൽ മുന്നണികൾ നടത്തുന്ന പ്രവർത്തനമാകും വിജയികളെ നിശ്ചയിക്കുക.