d

മണ്ണുത്തി : ആന്ധ്രയിൽ നിന്നും കടത്തിയ 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 20 കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലീസ് പിടികൂടി. മാള പൊയ്യ സ്വദേശി നെടുംപറമ്പിൽ വീടിൽ ഷാജി ( 62 ), നിലവിൽ ആന്ധ്ര സ്വദേശിയും മുൻപ് എറണാകുളം പള്ളുരുത്തി സ്വദേശിയുമായ അഹമ്മദ് സുഹൈയിൽ (28) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ കീഴിലുള്ള ഷാഡോ പൊലീസും, മണ്ണുത്തി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

രണ്ട് വലിയ ബാഗുകളിലായി കൊണ്ടുവന്നിരുന്ന കഞ്ചാവ് രണ്ട് കിലോ വീതം പാക്കറ്റുകളിലാക്കി തരം തിരിച്ച് മണ്ണുത്തിയിൽ ആവശ്യക്കാരെ കാത്തുനിൽക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. പാലക്കാട് ഭാഗത്ത് നിന്ന് ട്രാൻസ്‌പോട്ട് ബസിലാണ് ഇരുവരും മണ്ണുത്തി സെന്ററിലെത്തിയത്.

ഓപറേഷൻ റേഞ്ചറിന്റെ ഭാഗമായി ഷാഡോ പൊലീസ് ഒരു മാസമായി നടത്തിയ അന്വേഷണത്തിനിടയിലാണ് ഇവർ കുടുങ്ങിയത്. 20 വർഷത്തിലേറെയായി കഞ്ചാവ് വിറ്റിരുന്ന ഷാജി ഈ അടുത്താണ് കൂടുതൽ ലാഭം പ്രതീക്ഷിച്ച് ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് വാങ്ങിക്കൊണ്ടു വന്നത്. ഇതിനായാണ് ആന്ധ്രയിൽ സ്ഥിര താമസത്തിൽ ഏർപ്പെട്ടിരുന്ന സുഹൈലിനെ കൂട്ടുകച്ചവടക്കാരനാക്കിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിരവധി പേർ ആന്ധ്രയിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിനായി അറിഞ്ഞു. അന്വേഷണ സംഘത്തിൽ തൃശൂർ ക്രൈം ബ്രാഞ്ച് എ.സി.പി ബാബു കെ. തോമസ്, സിറ്റി എ.സി.പി വി.കെ രാജു, മണ്ണുത്തി സി.ഐ ശശിധരൻ പിള്ള എന്നിവരുമുണ്ടായിരുന്നു. മണ്ണുത്തി പൊലീസ് എസ്.ഐമാരായ വിജയൻ, കെ.കെ സുരേഷ് കുമാർ. നിഴൽ പൊലിസ് എസ്.ഐമാരായ റാഫി, ഗ്ലാഡ്സ്റ്റൺ, സുവൃതകുമാർ, സി.പി.ഒ പളനി സ്വാമി, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.