kappukad

കാട്ടാക്കട: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പൈപ്പ് ഇറക്കുന്നതിനെ ചൊല്ലി തൊഴിലാളികളുമായി ഉണ്ടായിരുന്ന തർക്കം പരിഹരിച്ചു. ലേബർ ഓഫീസർ, നെയ്യാർ ഡാം പൊലീസ് ഇൻസ്‌പെക്ടർ, സബ് ഇൻസ്പെക്ടർ, കമ്പനി പ്രതിനിധികൾ, തൊഴിലാളികൾ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. വെള്ളിയാഴ്ച രാവിലെ കാപ്പുകാട് ആന പാർക്കിലേക്ക് കൊണ്ടുവന്ന കൂറ്റൻ പൈപ്പുകൾ ഇറക്കാൻ തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ക്രെയിൻ ഉപയോഗിച്ച് ഇറക്കേണ്ട പൈപ്പുകൾ തങ്ങൾ തന്നെ ഇറക്കുമെന്നും പൈപ്പൊന്നിന് രണ്ടായിരം രൂപ നൽകണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാൽ 1000 രൂപ വരെ നൽകാൻ കരാറുകാരൻ തയ്യാറായി. ഇത് അംഗീകരിക്കാൻ തൊഴിലാളികൾ തയ്യാറായില്ല. തുടർന്ന് നടത്തിയ ചർച്ചയിലാണ് പൈപ്പൊന്നിന് 1400 രൂപയെന്ന നിലയിൽ തീരുമാനമായത്. നിലവിൽ ലോഡ് ഒന്നിന് ഇറക്കുകൂലിയായി തൊഴിലാളികൾക്ക് 14000 രൂപയും ക്രെയിനിന് പതിനായിരത്തോളവും രൂപയും ചെലവാകും. ഇനിയും 20 ഓളം ലോഡ് പൈപ്പുകൾ കാപ്പുകാട്ടേക്ക് എത്താനുണ്ട്. മുൻപും ഇത്തരത്തിൽ പൈപ്പ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ലേബർ ഓഫീസറുടെ ഇടപെടലിൽ അന്ന് ഒരു പൈപ്പിന് രണ്ടായിരം രൂപ കൂലി നൽകി. ഇതേ ആവശ്യവുമായാണ് തൊഴിലാളികൾ വീണ്ടും എത്തിയത്. മുൻപ് പൈപ്പ് എത്തിച്ച കരാറുകാരൻ നഷ്ടം കാരണം കരാർ റദ്ദാക്കി മടങ്ങിയിരുന്നു. ഇപ്പോൾ പുതിയ കമ്പനിയാണ് പൈപ്പുമായി എത്തിയത്.