പരപ്പ: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉണരുമ്പോൾ ഒരുകാലത്ത് നാട്ടു ഭരണത്തിന്റെ ചക്രം തിരിച്ച പരപ്പ എടത്തോടെ പഞ്ചായത്ത് മാളിക ആരാലും ശ്രദ്ധിക്കാതെ പൊടിപിടിച്ച് കിടക്കുന്നു. കാലപ്പഴക്കത്തിന്റെ കുത്തൊഴുക്കിൽ സംരക്ഷിക്കപ്പെടാതെ കിടക്കുന്ന മലയോരത്തെ ഈ തലയെടുപ്പുള്ള രണ്ടു നില പഞ്ചായത്ത് മാളിക ഇപ്പോൾ കാടു മൂടികിടക്കുകയാണെങ്കിലും ഒരുകാലത്തെ ഭരണ സംവിധാനത്തിന്റെ ചില ഓർമ്മകൾ ഇവിടെ ഇപ്പോഴും നിലനിൽക്കുന്നു..
ഇരു നിലകളിലായി മീറ്റിംഗ് ഹാളുകൾ അടക്കം 19 മുറികൾ ഉള്ള എടത്തോടെ ഈ പഞ്ചായത്ത് മാളിക ജന്മി നാടു വാഴിത്തത്തിന്റെ മരിക്കാത്ത ഓർമകൾക്കപ്പുറം ജനസേവനത്തിന്റ പാദമുദ്രകളും കൂടിയാണ്. 1954 മുതൽ 10 വർഷമാണ് ഇവിടെ പഞ്ചായത്തും അനുബന്ധ ഓഫീസുകളും പ്രവർത്തിച്ചിരുന്നത്. വോട്ടർ പട്ടികയും ബാലറ്റുമില്ലാതിരുന്ന കാലത്ത് വോട്ടർമാർ കൈപൊക്കിയായിരുന്നു തങ്ങളുടെ പഞ്ചായത്ത് അംഗത്തിനെ തിരഞ്ഞെടുത്തിരുന്നത്.
എടത്തോടെ പരേതനായ ബി. കുഞ്ഞിരാമൻ നായരായിരുന്നു പ്രഥമ പ്രസിഡന്റായി പഞ്ചായത്ത് മാളികയിൽ ഇരുന്ന് ഭരണ സംവിധാനങ്ങൾ നിയന്ത്രിച്ചിരുന്നത്. 1962 ൽ മാലോം പഞ്ചായത്ത് ആസ്ഥാനം എടത്തോടെ മാളികയിൽ നിന്നും ഇന്നത്തെ ബളാലിലേക്ക് മാറ്റി. അപ്പോഴും പഞ്ചായത്തിന്റെ പേര് മാലോം എന്ന് തന്നെയായിരുന്നു. പിന്നീട് 1979 ലെ ഭരണ സമിതി തിരഞ്ഞെടുപ്പിന് മുൻപായാണ് മാലോം എന്ന പേരുമാറ്റി ബളാൽ എന്നാക്കിയത്.
1952 ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ പഞ്ചായത്തിൽ ആദ്യമായി സ്ഥാപിച്ച വിദ്യാലയവും എടത്തോട് മാളികയോട് ചേർന്നായിരുന്നു. കൃഷി ഭൂമികൾ നിറഞ്ഞ വയലുകളും മരങ്ങൾ നിറഞ്ഞ കുന്നിൻ ചെരിവുകളും പുഴകളും കൊണ്ട് ഹരിത സമ്പന്നമായിരുന്നു എടത്തോട് മുതലുള്ള മലയോര പ്രദേശം. ആനകൾ മരം വലിച്ച റോഡുകളാണ് പിന്നീട് മലയോരത്തെ പ്രധാന റോഡുകളായി ഇന്ന് മാറിയത്.
നായ്ക്കയം മുതൽ കോട്ടഞ്ചേരി വരെ വിസ്തൃതിയുണ്ടായിരുന്ന അന്നത്തെ പഞ്ചായത്തിന്റെ പേര് മാലോത്ത് എന്നായിരുന്നുവെങ്കിലും ഇന്നത്തെ മാലോം ടൗണിൽ നിന്നും 25കിലോമീറ്റർ ദൂരമുണ്ട്. നാട്ടു ജനവിധിയും നാട്ടു നന്മകളും നിറഞ്ഞ പഞ്ചായത്തു ഭരണ സംവിധാനത്തിന് ചുക്കാൻ പിടിച്ച എടത്തോടെ ഈ രണ്ടു നില മനോഹര മാളിക ചേരിപ്പാടി തറവാട്ട് അധീനതയിൽ പെട്ടതാണ്.