മാഹി: മലബാറിലെ കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണത്തോട് അനുബന്ധിച്ച് ശിൽപ്പി കെ.കെ. രതീഷ് നിർമ്മിച്ച ശിൽപ്പങ്ങളുടെ നിർമ്മാണം പൂർത്തിയായി. ക്ഷേത്രത്തിന്റെ പടിവാതിലിന് മുന്നിലും പിന്നിലുമായി കേരളീയ വാസ്തുശിൽപ്പ ചാരുതയിൽ അതിസൂക്ഷ്മമായി നിർമ്മിച്ച മൂന്ന് നവ ഖണ്ഡങ്ങളുടെ കൊത്തുപണികൾ ആരേയും വിസ്മയിപ്പിക്കും. അഷ്ടദിക്പാലകന്മാരും ശംഖ് ചക്ര ഗദാ പത്മവും, കാര്യസിദ്ധി വിഷ്ണു ചക്രത്തോടു കൂടിയ നാഗങ്ങളും, വ്യാളി പക്ഷിയും ഉൾപ്പെട്ട ദളപത്മങ്ങൾ കൊണ്ടലംകൃതമായ ശിൽപ്പങ്ങളും ഭക്തമാനസങ്ങളെ ആനന്ദനിർവൃതിയിലെത്തിക്കും. ക്ഷേത്ര ശിൽപ്പ നിർമ്മാണത്തിന് തുടക്കമിട്ടത് ശ്രീകൃഷ്ണ വിഗ്രഹ നിർമ്മാണത്തോടെയായിരുന്നു. മറ്റ് ശിൽപ്പ നിർമ്മാണങ്ങളെല്ലാം പൂർത്തിയായതോടെ പുഷ്പ ദളങ്ങളോടു കൂടിയ പാദുകത്തിന് മുകളിൽ എല്ലാം മറന്ന് ആനന്ദ നടനമാടുന്ന ഗോപാലകൃഷ്ണന്റെ അതി മനോഹര ശിൽപ്പം ശിൽപ്പി രതീഷ് ക്ഷേത്രം സെക്രട്ടറി പി.കെ. വേണുഗോപാലിന് സമർപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ പി.പി. വിനോദ്, കെ.എം. ബാലൻ, കെ.എം. പവിത്രൻ തുടങ്ങിയവർ കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
കണ്ണൂർ വാരം കാവുള്ള പുരയിൽ വളപ്പിൽ കല്യാട നാരായണൻ ഉദയവർമ്മൻ ആചാരിയുടേയും ദേവകിയുടേയും മകനായ രതീഷ് കേരളത്തിനകത്തും കർണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ക്ഷേത്ര ശിൽപ്പ വേലകളിലും പങ്കാളിയായിരുന്നു. ദുബായിലെ ലീഡർ ഇന്റീരിയൽ കമ്പനിയിൽ ശിൽപ്പിയായും ജോലി ചെയ്തിട്ടുണ്ട്.