pushpa

കുറ്റ്യാടി: ഉദയസൂര്യൻ പുറത്തിറങ്ങാൻ വൈകുന്ന വയനാടൻ മലഞ്ചെരിവിൽ കാവിലുംപാറ പഞ്ചായത്ത് ആറാം വാർഡ് മുറ്റത്ത് പ്ലാവ് പ്രദേശവാസികൾക്ക് നാട്ടിലെ വികസന കാര്യങ്ങളെ പറ്റി പറയാൻ ആയിരം നാവാണ്. അഞ്ച് വർഷങ്ങൾ കൊണ്ട് നിരവധി വികസന പദ്ധതികളാണ് വാർഡ് മെമ്പർ പുഷ്പതോട്ടും ചിറയുടെ നേതൃത്വത്തിൽ നടത്തിയത്.
ഭൂമി ശാസ്ത്രപരമായി വയനാടൻ മലനിരകളുടെ മടിതട്ടിലെ പുൽപ്പറ്റ, കണ്ണൻ മലകളെ തലോടി കിടക്കുന്ന മുറ്റത്ത് പ്ലാവിൽ എത്താൻ തൊട്ടിൽപാലത്ത് നിന്നും ആറ് കിലോമീറ്ററോളം ദൂരമുണ്ട്. ഉയർന്ന മല പ്രദേശത്ത് ജീവിക്കുന്നവർ തൊട്ടിൽ പാലം അങ്ങാടിയിൽ എത്താൻ ഏറെ കഷ്ടപെട്ടിരുന്ന കാലത്ത് ജനങ്ങളുടെ യാത്ര സൗകര്യം വർദ്ധിപ്പിക്കാൻ മുറ്റത്ത് പ്ലാവ് മലയോരങ്ങളിൽ നിരവധി റോഡുകളാണ് നിർമ്മിച്ചത്. രണ്ട് കോടിയോളം രൂപ ചിലവഴിച്ച് നിർമ്മിച്ച പുതുക്കാട്ട്, ആനക്കുളം റോഡ്, മുറ്റത്ത് പ്ലാവ് പോയിലോംചാൽ റോഡും അങ്കണവാടി റോഡും ഉൾപെടെ ഇരുപത്തിയഞ്ചോളം റോഡുകൾ

നിർമ്മാണം പൂർത്തികരിച്ചതോടെ യാത്രാ സൗകര്യം വർദ്ധിക്കുകയായിരുന്നു.
പുഷ്പതോട്ടുംചിറ നിലവിൽ കാവിലുംപാറ പഞ്ചായത്തിന്റെ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആണ്. മൂന്നാം തവണയാണ് ഇവർ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഇറങ്ങുന്നത്. രാഷ്ടീയത്തിനപ്പുറം വ്യക്തി ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന ഇവർ സി.പി.ഐ നേതൃത്വത്തിലുള്ള മഹിള സംഘം നാദാപുരം മണ്ഡലം കമ്മിറ്റി അംഗം, സി.പി.ഐ.ലോക്കൽ കമ്മിറ്റി അംഗം, മുറ്റത്ത് പ്ലാവ് ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഭർത്താവ് രാജു തോട്ടും ചിറ അഖിലേന്ത്യ കിസാൻ സഭയുടെ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്, നാദാപുരം മണ്ഡലം സെക്രട്ടറി, സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പറുമാണ്. മക്കളായ ടി.ആർ ആതിര, ടി.ആർ. അർച്ചന എന്നിവർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളാണ്. രാഷ്ടീയത്തെ ഉപജീവനമാക്കുന്ന കാലത്ത് വീടും ഒരു തുണ്ട് ഭൂമിയും മാത്രമാണ് ഇവരുടെ സമ്പാദ്യം.