dhanesh

പേരാവൂർ: ചിരട്ടകൾ കൊണ്ട് വിസ്മയം തീർക്കുകയാണ് തില്ലങ്കേരി പള്ള്യത്തെ ആദിശിവയിൽ സി.കെ. ധനേഷ്. നമ്മൾ അലസമായി വലിച്ചെറിയുന്ന ചിരട്ടകൾ ഈ ചെറുപ്പക്കാരന്റെ കൈകളിലെത്തുമ്പോൾ മനോഹരമായ കരകൗശല വസ്തുക്കളാകുകയാണ്. മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയലൂടെ ചിരട്ടകൾ കൊണ്ടുള്ള കരകൗശലം നിർമാണം കണ്ടപ്പോൾ തോന്നിയ കൗതുകമാണ് ധനേഷിനെ ഈ രംഗത്ത് എത്തിച്ചത്. ഇന്നത് ധനേഷിന്റെയും കുടുംബത്തിന്റെയും ഉപജീവന മാർഗ്ഗം കൂടിയാണ്.

മൊബൈൽ സ്റ്റാൻഡായിരുന്നു ആദ്യ സൃഷ്ടി. പിന്നീട് വിവിധ തരത്തിലുള്ള ഫ്ളവർ, കപ്പ്, വിളക്ക്, അരിവാൾ ചുറ്റിക നക്ഷത്രം ഉൾപ്പെടെയുള്ള ചിഹ്നങ്ങൾ, ഭണ്ഡാരം തുടങ്ങിയ കമനീയരൂപങ്ങൾ ശില്പങ്ങളായി പിറവിയെടുത്തു. ബ്ലെയ്ഡും, സാൻഡ് പേപ്പറുമാണ് പണിയായുധങ്ങൾ.ആറു മുതൽ എട്ടര മണിക്കൂർ വരെ നീളുന്ന ഏകാഗ്രമായ പരിശ്രമത്തിലൂടെയാണ് ഒരു ശില്പം നിർമ്മിക്കുന്നതെന്ന് ധനേഷ് പറഞ്ഞു.

ധനേഷിന്റെ ചിരട്ട കൊണ്ടുള്ള ശില്പങ്ങൾക്ക് ആവശ്യക്കാരേറുകയാണ് അന്യജില്ലകളിൽ നിന്നുവരെ ആവശ്യക്കാരെത്തുന്നുണ്ട്. മിതമായ ഒരു പ്രതിഫലം വാങ്ങി കൊറിയർ സർവീസിലൂടെയാണ് അന്യജില്ലകളിലേക്ക് ശില്പങ്ങൾ എത്തിക്കുന്നത്. മറ്റുള്ളവർക്ക് ഉപഹാരമായി നൽകുന്നതിനും വീടുകൾ അലങ്കരിക്കുന്നതിനും മറ്റുമായി നിരവധി ഓർഡറുകൾ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിന്റെ സമയമായതിനാൽ പാർട്ടികളുടെ ചിഹ്നങ്ങൾക്കും നല്ല ഡിമാൻഡുണ്ടെന്ന് ധനേഷ് പറയുന്നു.

ധനേഷിന് പിന്തുണയുമായി ഭാര്യ പ്രജിനയും മക്കളായ ശിവാനിയും, ആദിത്തുമുണ്ട്. ആവശ്യത്തിനുള്ള ചിരട്ടകൾ എത്തിച്ചു കൊടുത്ത് പ്രോത്സാഹിപ്പിക്കാൻ സുഹൃത്തുക്കളും ഒപ്പമുണ്ട്. മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിലൂടെ കണ്ട
കരകൗശല വസ്തുക്കളോടു തോന്നിയ ഇഷ്ടം ഇന്ന് ജീവൻ തുടിക്കുന്ന ശില്പങ്ങളായിത്തീർന്ന് തന്റെ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗമായി മാറിയതിലുള്ള സന്തോഷത്തിലാണ് കലാകാരൻ.