രാജ്യത്ത് അവശേഷിക്കുന്ന ഏക ഇടതുസർക്കാരാണ് കേരളത്തിലേത്. ഈ സർക്കാരിന് ഇതെന്തു പറ്റിയെന്നാണ് കഴിഞ്ഞ രണ്ടു മൂന്നുദിവസമായി രാജ്യം ചോദിക്കുന്നത്. സ്ത്രീസുരക്ഷ ഉറപ്പുവരുത്താനെന്ന പേരിൽ മാദ്ധ്യമങ്ങൾക്കാകെ കൂച്ചുവിലങ്ങിടാനുള്ള കരിനിയമം ഓർഡിനൻസായി പുറത്തിറക്കിയതാണ് ഏറെ വിമർശനത്തിനിടയാക്കിയത്. തീവ്രവലതുപക്ഷ സ്വഭാവമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകൾ പോലും ചെയ്യാൻ മടിച്ചതാണ് പിണറായി വിജയന്റെ ഇടതുസർക്കാർ ചെയ്തത്. സംസ്ഥാനത്തെ ഉന്നതരായ മൂന്ന് ഉദ്യോഗസ്ഥരാണ് സർക്കാരിനാകെ നാണക്കേടുണ്ടാക്കിയ ഈ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇതിലൊരാൾ മുഖ്യമന്ത്രിയുടെ ഉപദേശകൻ കൂടിയാണ്. മാദ്ധ്യമങ്ങളെയും മാദ്ധ്യമസ്വാതന്ത്ര്യത്തെയും പുച്ഛിക്കുന്ന ഈ ഉദ്യോഗസ്ഥർ മുൻപും മുഖ്യമന്ത്രിയെ കുഴിയിൽ ചാടിച്ചിട്ടുണ്ട്. ഈ മൂന്ന് ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ വലംകൈ എന്നതും ആശ്ചര്യകരമാണ്. രാജ്യമാകെ പ്രതിഷേധം അലയടിച്ചതിനെത്തുടർന്ന് പൊലീസിനെ കയറൂരി വിടാനും മാദ്ധ്യമങ്ങളുടെ കഴുത്തുഞെരിക്കാനുമുള്ള പൊലീസ് ആക്ടിലെ വിവാദ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും വിവാദം കത്തുകയാണ്.
സ്വർണക്കടത്തും അനുബന്ധകേസുകളും അന്വേഷിക്കുന്ന കേന്ദ്രഏജൻസികളുടെ അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങൾ ചോർത്തിയെടുത്ത് ജനങ്ങളിലെത്തിച്ചതോടെ മുഖം നഷ്ടമായപ്പോഴാണ് മാദ്ധ്യമ മാരണ നിയമം കൊണ്ടുവരാൻ മൂവർ സംഘം മുഖ്യമന്ത്രിയെ ഉപദേശിച്ചത്. സ്വപ്നയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് പാളിച്ചയുണ്ടായെന്നും വാർത്തകൾ വന്നപ്പോൾ, വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകരെ കേസെടുത്ത് അകത്താക്കാൻ മുഖ്യമന്ത്രിക്ക് തുടരെത്തുടരെ ഉപദേശം നൽകിയ ഉദ്യോഗസ്ഥനാണ് കരിനിയമത്തിന്റെ ആശയമുണ്ടാക്കിയത്. മറ്റ് രണ്ടുപേർ സർവപിന്തുണയും നൽകി. കൊവിഡ് അവലോകന യോഗത്തിൽപ്പോലും ഒരുദ്യോഗസ്ഥൻ മാദ്ധ്യമപ്രവർത്തകരുടെ പേരെടുത്ത് പറഞ്ഞ് കേസെടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ടാണ് വഴിവിട്ട നീക്കങ്ങൾ തടഞ്ഞത്. ഉദ്യോഗസ്ഥർക്കിടയിലെ പൊതുവികാരം എതിരായതോടെയാണ് വളഞ്ഞവഴിയിലൂടെ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ മൂവർ സംഘം തീരുമാനിച്ചത്. പാർട്ടിനയങ്ങളും നിലപാടുകളും പോലും തത്കാലത്തേക്ക് മറന്ന് മുഖ്യമന്ത്രി ഈ സംഘത്തിന്റെ ഉപജാപത്തിൽ പെട്ടുപോവുകയായിരുന്നു.
രാജ്യമാകെ പ്രതിഷേധം അലയടിച്ചപ്പോൾ കൈപൊള്ളിയാണ്, പൊലീസ് നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് ഗത്യന്തരമില്ലാതെ സർക്കാർ പിന്മാറിയത്. തലയ്ക്ക് താഴെ വാക്കത്തി വച്ച് ഉറങ്ങിയിട്ടും വീടുകയറി നരാധമൻ പിച്ചിച്ചീന്തിയ പെൺകുട്ടികളുള്ള നാടാണ് കേരളം. വിവാഹജീവിതം സ്വപ്നം കണ്ട് വീട്ടിലേക്ക് ട്രെയിനിൽ തിരിച്ച ജിഷയെ വലിച്ചു പുറത്തേക്കിട്ട് കശാപ്പുചെയ്ത ഗോവിന്ദച്ചാമിയെപ്പോലുള്ളവർ ബിരിയാണിയും തിന്ന് ജയിലിൽ സുഖജീവിതം നയിക്കുന്ന കേരളം. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ അപമാനിച്ചതിന്റെ മറവിൽ, മാദ്ധ്യമങ്ങളെയും വിമർശിക്കുന്നവരെയുമെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള കരിനിയമം കൊണ്ടുവന്നതിനെ എതിർത്തത് മാദ്ധ്യമങ്ങൾ മാത്രമല്ല, ഇടതു സഹയാത്രികരും സാഹിത്യകാരന്മാരും ജനങ്ങളുമെല്ലാം ഒറ്റക്കെട്ടായാണ്. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടപ്പോഴാണ്, വിമർശനം ഉൾക്കൊള്ളുന്നു എന്ന പരിച ഉയർത്തി സർക്കാർ തടിരക്ഷിച്ചത്.
കോടതി റദ്ദാക്കിയേനെ
പൊലീസ് ആക്ടിലെ വിവാദഭേദഗതി നിയമപരമല്ലാത്തതിനാൽ കോടതി റദ്ദാക്കാനിടയുണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആർ.എസ്.പി നേതാക്കളായ ഷിബുബേബിജോണും എൻ.കെ.പ്രേമചന്ദ്രനുമടക്കം നിരവധി പേർ നിയമഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ തിരിച്ചടി ഭയന്നാണ് അഞ്ചുവർഷം ശിക്ഷയെന്നത് മൂന്നുവർഷമാക്കി സർക്കാർ കുറച്ചതും. ഭരണഘടനാ വിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണ് എന്നു ചൂണ്ടിക്കാട്ടി ഐടി നിയമത്തിലെ 66 എ വകുപ്പ്, കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പ് എന്നിവ സുപ്രീംകോടതി റദ്ദാക്കിയതു 2015ലാണ്. റദ്ദാക്കപ്പെട്ട ഈ നിയമങ്ങളുടെ ചുവടുപിടിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാൻ പൊലീസ് ആക്ടിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നത്. 2015ൽ റദ്ദാക്കപ്പെട്ട വകുപ്പുകൾ ഉണ്ടാക്കിയ അതേ പ്രത്യാഘാതം തന്നെ പുതിയ ഭേദഗതിയും കൊണ്ടുവരും. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച്, ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ വിധിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണു ഭേദഗതി. എന്നാൽ അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയവ വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലുകളാണെന്നിരിക്കെ, ഒരു പൊലീസ് ഓഫീസർക്ക് വാറന്റില്ലാതെ തന്നെ അറസ്റ്റ് ചെയ്യാവുന്ന കോഗ്നിഷ്യബിൾ കുറ്റമാക്കി മാറ്റുന്നത് അപകടകരമായി മാറുമായിരുന്നു. സമൂഹമാദ്ധ്യമങ്ങൾക്കു പുറമേ മുഖ്യധാരാ മാധ്യമങ്ങൾക്കും കൂടി ബാധകമാക്കി, മാദ്ധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങിടാനാണ് സർക്കാർ ഒരുങ്ങിയത്.
വരാനിരുന്നത് പൊലീസ് രാജ്
പൊലീസ് നിയമഭേദഗതി നടപ്പായിരുന്നെങ്കിൽ കേരളം പൊലീസ് രാജിന് സാക്ഷ്യം വഹിച്ചേനെ. ആർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതാവുന്നതോടെ, മാദ്ധ്യമങ്ങൾക്ക് വാർത്തകളും കാർട്ടൂണുകളും ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളുമൊന്നും സാദ്ധ്യമല്ലാതായേനെ. ഇവയൊക്കെ കണ്ട് ആർക്കെങ്കിലും മനോവിഷമമുണ്ടായാൽ വിലങ്ങുമായി പൊലീസ് ഇറങ്ങുമായിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ എഫ്.ഐ.ആറിന്റെ പ്രളയമായിരിക്കുമെന്നാണ് നിയമവിദഗ്ധർ വിലയിരുത്തിയത്. ഏതു വിനിമയോപാധിയിലൂടെയുള്ള ആശയവിനിമയവും നിയമത്തിന്റെ പരിധിയിൽ വരുന്നതിനാലാണിത്. കോഗ്നിഷ്യബിൾ വകുപ്പായതിനാൽ പരാതിയിന്മേൽ കാലതാമസം വരുത്താനും കഴിയില്ല. സമൂഹമാദ്ധ്യമങ്ങളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും കേസായി മാറുമായിരുന്നു.
ഒരാൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയാൽ അയാൾക്കോ അയാൾക്കു താൽപര്യമുള്ള മറ്റാർക്കെങ്കിലുമോ മനസിനു വിഷമമുണ്ടായാലും കേസെടുക്കാമെന്ന വ്യവസ്ഥയും കേസുകൾ വർദ്ധിപ്പിക്കും. മനസിനു വിഷമമുണ്ടാക്കിയാൽ വരെ നടപടിയുണ്ടാകുമെന്നാണു നിയമത്തിലുള്ളത്. എന്തു മാജിക്കിലൂടെയാണു പൊലീസ് ഒരാളുടെ മനസിന്റെ വിഷമം അളക്കുകയെന്ന് മനസിലാവുന്നില്ലെന്ന് മുൻ നിയമസെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് പറഞ്ഞു.
സുപ്രീംകോടതിയെയും വകവച്ചില്ല
കേരള പൊലീസ് ആക്ടിൽ സുപ്രീം കോടതി റദ്ദാക്കിയ 118 ഡി വകുപ്പിനു സമാനമാണു പുതിയ നിയമവും. പ്രസ്താവന, അഭിപ്രായ പ്രകടനം, ഫോൺവിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്തിയെ പിന്തുടർന്നോ ഏതെങ്കിലും ഉപകരണം വഴിയോ ഇ–മെയിൽ വഴിയോ അസഭ്യമായ രീതിയിൽ ശല്യപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടെയോ ലഭിക്കുന്ന കുറ്റമാണെന്നായിരുന്നു വ്യവസ്ഥ. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്നു സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
ഭരണഘടനാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ഐടി ആക്ടിലെ 66എ 2015ൽ സുപ്രീം കോടതി റദ്ദാക്കിയപ്പോൾ പറഞ്ഞതിങ്ങനെയായിരുന്നു: 'അലോസരപ്പെടുത്തുന്നത്, അസൗകര്യം സൃഷ്ടിക്കുന്നത്, ഗൗരവതരമായി പ്രകോപിപ്പിക്കുന്നത് തുടങ്ങിയ പദങ്ങൾ ഈ നിയമത്തിൽ പ്രയോഗിച്ചിരിക്കുന്നതു തികച്ചും അവ്യക്തമാണ്. എന്താണു കുറ്റകൃത്യം എന്നു നിർവചിക്കാൻ നിയമത്തിനോ കുറ്റാരോപണത്തിനു വിധേയരായവർക്കു തന്നെയോ കഴിയാത്ത സ്ഥിതിയാണ്. ഒരു വ്യക്തിക്കു കുറ്റകരമാണ് എന്നു തോന്നുന്നതു മറ്റൊരാൾക്കു കുറ്റകരമാവണമെന്നില്ല. നിയമം ദുരുപയോഗം ചെയ്യില്ല എന്ന സർക്കാരിന്റെ ഉറപ്പുകൊണ്ട് ഒരു കാര്യവുമില്ല. സർക്കാരുകൾ വരും, പോകും. മാറിമാറി വരുന്ന സർക്കാരുകൾക്കു വേണ്ടി എങ്ങനെയാണ് ഇപ്പോഴത്തെ സർക്കാരിന് ഉറപ്പു നൽകാനാവുക?'- സുപ്രീംകോടതിയുടെ ഈ ചോദ്യങ്ങൾ ഇപ്പോഴും അതേപടി നിലനിൽക്കുന്നു.