തൊഴിലിന്റെ ഭാഗമായും അല്ലാെതയും മഴ നനയുന്ന ശീലമുള്ളവരുണ്ട്. അവർക്കാർക്കും മഴ നനയുന്നതുകൊണ്ട് ഒരു കുഴപ്പവും വരാറുമില്ല. എന്നാൽ, പതിവില്ലാതെ മഴ നനയുന്നവർ ആ ഒരൊറ്റ കാരണംകൊണ്ടു തന്നെ ദിവസങ്ങളോളം രോഗം പിടിപെട്ട് കിടക്കാറുണ്ട്.
ചിലർക്കെങ്കിലും തുമ്മലോ ജലദോഷമോ പനിയോ വരുകയും തുടർന്ന് ചുമ, ശ്വാസംമുട്ട്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിലേക്ക് അത് മാറുകയും ചെയ്യാറുണ്ട്.
മാനത്ത് മഴ കണ്ടാൽ തന്നെ വാതരോഗം കൂടുന്നവരും വേദനയും നീരും വർദ്ധിച്ച് സന്ധികൾ അനക്കാൻ പ്രയാസപ്പെടുന്നവരുമുണ്ട്. അതുപോലെ ദീർഘകാലമായി ശ്വാസംമുട്ടുള്ളവർക്കും അസുഖം വർദ്ധിക്കാൻ മഴ നനയണമെന്നില്ല. പകരം മഴക്കാലം തന്നെ ധാരാളം. തണുപ്പേൽക്കുകയോ തണുത്ത കാറ്റേൽക്കുകയോ തണുത്ത വെള്ളത്തിൽ കുളിക്കുകയോ മഴ നനയുകയോ ചെയ്താൽ പിന്നെ പറയുകയും വേണ്ട.
മഴ നനയുന്നതു കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് വാദിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാൽ, അനുഭവത്തിൽ അങ്ങനെ അല്ലല്ലോ എന്ന് പറയുന്നവരും കുറവല്ല.
മഴ നനഞ്ഞതുകൊണ്ട് കിടപ്പിലായിപ്പോയ ഒരു അനുഭവമെങ്കിലുമില്ലാത്തവർ നന്നേ കുറവായിരിക്കും.
അപ്രതീക്ഷിതമായ മഴ നനയുന്നതാണ് കൂടുതൽ പേരിലും കുഴപ്പമുണ്ടാക്കുന്നത്. ചാറ്റൽമഴ പോലും പലപ്പോഴും പ്രശ്നമാകാറുണ്ട്.
തലയിൽ എണ്ണ തേയ്ക്കുന്നതും കുളിച്ച ശേഷം രാസ്നാദി ചൂർണം നെറുകയിൽ തിരുമ്മുന്നതുമെല്ലാം വെള്ളം കൊണ്ട് ഉണ്ടാകാനിടയുള്ള ജലദോഷം പോലുള്ള ശ്വസനപഥ രോഗങ്ങളെ തടയാനായിരുന്നു.
ശ്വസനപഥത്തെ രണ്ടായി തിരിച്ചാൽ നാസിക,സൈനസുകൾ,തൊണ്ട മുതലായവ ഊർദ്ധ്വ ഭാഗത്തും ശ്വാസകോശം അധോഭാഗത്തും ഉൾപ്പെടും. ഇവയ്ക്കെല്ലാം ഉള്ളിലായി കാണുന്ന മ്യൂക്കസ് കൊണ്ടുള്ള നേർത്ത സ്തരം ശ്വസനപഥത്തിൽ എല്ലായിടത്തും എത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. അതിനാൽ, ജലദോഷം ബാധിച്ച ഒരാളിന് അതുകാരണം പനിയും തൊണ്ടവേദനയും ചുമയും പിന്നെ ശ്വാസംമുട്ടും ഉണ്ടാകാനിടയുണ്ട്.
തുടർച്ചയായ തുമ്മൽ ആരംഭിക്കുമ്പോൾ തന്നെ അതിനുള്ള ശരിയായ ചികിത്സ ചെയ്യുന്നവരിൽ ജലദോഷം തുടങ്ങിയ അവസ്ഥകളിലേക്ക് മാറില്ലെന്നും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ചുമയോ ശ്വാസംമുട്ടോ അതിലും വർദ്ധിച്ച് ന്യൂമോണിയ പോലും ഉണ്ടാകാമെന്നും അറിയണം.
കൊവിഡ് കാലമായതിനാൽ മഴനനഞ്ഞുണ്ടാകുന്ന ലക്ഷണങ്ങൾപോലും രോഗമല്ലെന്ന് ഉറപ്പാക്കേണ്ടി വരും. അതിനാൽ ഇത്തരം ലക്ഷണങ്ങളുള്ള ഒരു രോഗവും വരാതിരിക്കുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കുന്നതാണ് നല്ലത്.
മഴക്കാലത്ത് കാണുന്ന പലതരം രോഗങ്ങളിലും ഇത്തരം ലക്ഷണങ്ങൾ കൂടി കാണുമെന്നതിനാൽ രോഗം വന്നുകഴിഞ്ഞാൽ കൃത്യമായ രോഗനിർണയം ആവശ്യമായിവരും. ചികിത്സയും. അതിനാൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്കും രോഗങ്ങൾക്കുമൊപ്പം സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ഫാരിഞ്ചൈറ്റിസ്, ചെവിവേദന തുടങ്ങിയ രോഗങ്ങളും ഇവയോട് അനുബന്ധമായി ഉണ്ടാകാനിടയുണ്ട്. ഇവ തന്നെ വീണ്ടും സങ്കീർണ്ണമാകുകയും ചെയ്യും.
പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വീടുകളിലും കഴിഞ്ഞവർ ഫലം നെഗറ്റീവായ ശേഷവും പലവിധ ബുദ്ധിമുട്ടുകൾ പറഞ്ഞ് ഡോക്ടറെ കാണാനെത്തുന്നുണ്ട്. കൊവിഡിന്റെ ആദ്യദിശയിൽ പോസിറ്റീവ് ആയവർക്കുള്ളതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ ഇപ്പോൾ രോഗികളായിരുന്നവർ പറയുന്നുണ്ട് . ഇതിന്റെ കാരണം കണ്ടെത്തുന്നതിനുള്ള കൃത്യമായ നിരീക്ഷണങ്ങൾ ആവശ്യമാണ്. കൊവിഡ് നിയന്ത്രണത്തിലാക്കാൻ കൂടുതൽ ചികിത്സകൾ ചെയ്യേണ്ടിവന്നവരും മറ്റു പല രോഗങ്ങൾകൂടി ഉണ്ടായിരുന്നവരും ഈ ലിസ്റ്റിലുണ്ട്.
എന്തായാലും കൊവിഡ് നെഗറ്റീവായവർക്കുണ്ടാകുന്ന കഠിനമായ ക്ഷീണം, തലവേദന, വിശപ്പില്ലായ്മ, വയറിനുള്ള മറ്റു പ്രയാസങ്ങൾ, ഉറക്കമില്ലായ്മ, ശ്വാസംമുട്ട്, കിതപ്പ്, യാത്ര ചെയ്യുമ്പോഴും അദ്ധ്വാനിക്കുമ്പോഴും കിതപ്പും ശ്വാസം കിട്ടുന്നതിനുമുള്ള പ്രയാസം, വ്യായാമം ചെയ്യാൻ കഴിയാതെ വരിക തുടങ്ങിയ ലക്ഷണങ്ങളും ഹൃദയം, വൃക്ക, കരൾ തുടങ്ങിയവയുടെ പ്രവർത്തനക്ഷമതയും പ്രത്യേകം പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങളൊന്നും കാണാത്തവരിലും പെട്ടെന്ന് മരണം സംഭവിച്ച സംഭവങ്ങളുണ്ട്.
കൊവിഡ് പോസിറ്റീവ് ആയിരുന്നു എന്ന വിവരം ഡോക്ടറോട് വെളിപ്പെടുത്താതെ കൊവിഡാനന്തരം ഇത്തരം ബുദ്ധിമുട്ടുകൾക്ക് ചികിത്സതേടിയെത്തുന്നവരും കുറവല്ല.
കൊവിഡ് ബാധിച്ചവരിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ മഴ നനഞ്ഞത് കാരണമുണ്ടായ ബുദ്ധിമുട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ പ്രത്യേക കരുതൽ ആവശ്യമാണ്. കോവിഡാനന്തരമുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകളെ നിസാരവത്ക്കരിക്കാൻ ഒരുപക്ഷേ മഴ ഇടയാക്കിയേക്കാം.
ചെറിയ ബുദ്ധിമുട്ടുകൾ പോലും തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്താൽ ശരിയായ പ്രയോജനം ലഭിക്കും. അതിനായി തുടർച്ചയായ തമ്മൽ, ജലദോഷം, ചുമ, ദീർഘനാളായുള്ള ശ്വാസംമുട്ട്, തൊണ്ടവേദന, സൈനസൈറ്റിസ്, ചെവിവേദന, ടോൺസിലൈറ്റിസ്, തുടങ്ങിയവയുള്ളവരും, കോവിഡ് രോഗികളിൽ അടിയന്തര ചികിത്സ ആവശ്യമില്ലാത്തവരും, കോവിഡ് രോഗം ബാധിച്ച ശേഷം നെഗറ്റീവായാലും ബുദ്ധിമുട്ടുകൾ കാണുന്നവരിലും ആയുർവേദ ചികിത്സ പ്രയോജനം ചെയ്യും.എല്ലാ പഞ്ചായത്തിലുമുള്ള സർക്കാർ ആയുർവേദ ഡിസ്പെൻസറികളിൽ ചികിത്സ സൗജന്യമായി ലഭിക്കുകയും ചെയ്യും.