cm-at-vjt

പണ്ട് പണ്ട്, സോഷ്യൽ മീഡിയ ജനിക്കുന്നതിനും മുമ്പ് ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രി ഇന്ത്യയിൽ രണ്ട് രണ്ടരക്കൊല്ലം അടിയന്തരാവസ്ഥ എന്ന ഒരു ഏർപ്പാട് നടത്തിയിരുന്നു. അത്ര പണ്ടല്ല ഇത് നടന്നത്. പക്ഷേ അന്ന് സി.പി.എമ്മിന്റെ ഒരുമാതിരിപ്പെട്ട നേതാക്കന്മാരെല്ലാം ജയിലിൽ കിടന്നിരുന്നു. അവർ പോലും അത് മറന്നുപോയി എന്ന് തോന്നിയതുകൊണ്ടാണ് പണ്ട് എന്ന് പ്രയോഗിച്ചത്. അന്ന് സർക്കാരുമായി ബന്ധപ്പെട്ട ഒരു വാർത്ത പത്രത്തിൽ പ്രസിദ്ധീകരിക്കണമെങ്കിൽ പി.ആർ.ഡിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ പക്കൽ നിന്ന് സമ്മതപത്രം വാങ്ങണമായിരുന്നു.

സോളിസിറ്റർ ജനറൽ രാജിവച്ചാൽ പോലും ആ വാർത്ത കൊടുക്കണ്ട എന്ന് ഉദ്യോഗസ്ഥൻ തിട്ടൂരം നൽകിയാൽ ഒരു പത്രത്തിനും അത് കൊടുക്കാൻ കഴിയില്ലായിരുന്നു. അങ്ങനെ കൊടുംപീഡനങ്ങളുടെയും സമാനതകളില്ലാത്ത ജനാധിപത്യ ധ്വംസനങ്ങളുടെയും ആയിരക്കണക്കിന് വാർത്തകൾ ആരും കാണാതെ പോയി. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും പല ചെറുപ്പക്കാരും അപ്രത്യക്ഷരായി. അവരെ തിരക്കി പൊലീസ് സ്റ്റേഷനിലോ കോടതികളിലോ കയറി ചെല്ലാൻ അച്ഛനമ്മമാർക്ക് അവകാശമില്ലായിരുന്നു. കാരണം ബോധിപ്പിക്കാതെ പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാം. എത്രനാൾ വേണമെങ്കിലും ജയിലിലിടാം. കോടതിയും ഇടപെടില്ല. ഇതായിരുന്നു സ്ഥിതി. 'നാവടക്കൂ പണിയെടുക്കൂ" എന്ന മുദ്രാവാക്യം ജനങ്ങൾക്ക് പെരുത്ത് ഇഷ്ടപ്പെട്ടു എന്ന് ഇന്ദിരാഗാന്ധിയെ അവരുടെ ഉപദേശകർ ചുറ്റും നിന്ന് പറഞ്ഞ് കേൾപ്പിച്ചു. അവരെല്ലാം ഒരുമിച്ച് പൊട്ടിച്ചിരിച്ചു.

പക്ഷേ ജനങ്ങൾ എല്ലാം അറിഞ്ഞുകൊണ്ടിരുന്നു. അലറുന്ന ആങ്കർമാരിലൂടെയായിരുന്നില്ല അത്. ഗ്രാമീണമായ ചെറിയ സംഭാഷണങ്ങളിലൂടെ ഭരണകൂടത്തിന്റെ ഭീകരതയെക്കുറിച്ചുള്ള വെറുപ്പിക്കുന്ന വാർത്തകൾ നിശബ്ദമായി ഇന്ത്യ അറിഞ്ഞുകൊണ്ടിരുന്നു. സ്വാതന്ത്ര്യത്തിന്റെ പുറത്തുള്ള ഒരു കടന്നുകയറ്റവും ചൈനയിലേതുപോലെയോ റഷ്യയിലേതുപോലെയോ ഇന്ത്യൻ ജനത സഹിക്കില്ല എന്ന് ലോകത്തിന് കാണിച്ചുകൊടുത്തതായിരുന്നു അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഫലം.

ഇത്രയും ആമുഖമായി പറയേണ്ടിവന്നത് പിണറായി വിജയൻ സർക്കാർ കൊണ്ടുവന്ന മാദ്ധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച പശ്ചാത്തലത്തിലാണ്. പഴയ ഒാർമ്മകൾ അവർ വീണ്ടെടുത്തതിന്റെ ഫലമാണിത്. പിച്ചവയ്ക്കും മുമ്പേ ആ കരിനിയമം പിൻവലിച്ചത് കേരള ജനതയുടെ വികാരം സർക്കാർ ഉൾക്കൊണ്ടു എന്നതിന്റെ തെളിവാണ്. തെറ്റുകൾ പറ്റാത്ത മനുഷ്യരുമില്ല; സർക്കാരുമില്ല. ദുരഭിമാനം കൂടാതെ അത് തിരുത്തുന്നത് ജനങ്ങൾ ഇരു കരങ്ങളും നീട്ടി സ്വാഗതം ചെയ്യും. ഇപ്പോൾ നിലനിൽക്കുന്ന നിയമം അനുസരിച്ചാണ് വിജയ് പി. നായരെ അറസ്റ്റ് ചെയ്തതും ജയിലിലിട്ടതും. പല തവണ പൊലീസിൽ പരാതി പറഞ്ഞിട്ട് ഫലമില്ലെന്ന് കണ്ടതുകൊണ്ടാണ് അയാളെ നേരിടാൻ നേരിട്ടിറങ്ങിയതെന്ന് ഭാഗ്യലക്ഷ്മി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പൊലീസിന്റെ വീഴ്ച മറച്ചുവക്കാൻ നിയമത്തിന് ബലം പോരാ എന്ന് അവർ അല്ലെങ്കിൽ പൊലീസ് സംബന്ധമായി മുഖ്യമന്ത്രിയെ ഉപദേശിക്കുന്നവർ ധരിപ്പിച്ചുകാണും. ഇല്ലെങ്കിൽ ഇത്ര പെട്ടെന്ന് മുൻപിൻ നോക്കാതെ ഇത്തരം ഒരു നിയമവുമായി സർക്കാർ മുന്നിട്ടിറങ്ങില്ലായിരുന്നു.

നമ്മുടെ പൊലീസ് വളരെ മികച്ചതാണ്. പക്ഷേ രാഷ്ട്രീയ ദാസ്യഭാവവും കാശ് വാങ്ങിക്കൊണ്ട് ആടിനെ പട്ടിയാക്കുന്ന സ്വഭാവം അവരെ തീരെ വിട്ടൊഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞുകൂടാ. അതിനാൽ കാലഹരണപ്പെട്ട ഇതേപോലൊരു നിയമം അവരുടെ കൈയിൽ കിട്ടിയാൽ തീർച്ചയായും അത് ദുരുപയോഗപ്പെടും. ചുരുക്കിപ്പറഞ്ഞാൽ ഭസ്മാസുരന് വരം കൊടുത്ത പോലെയാവും അത്. അധികാരം മാറുമ്പോൾ ഈ വരം നൽകിയ ആളിന്റെ ഉച്ചിയിൽ തന്നെ കൈവയ്ക്കാൻ അവർ ഓടി നടക്കും.

ഇക്കാര്യത്തിൽ ജനങ്ങളും ചില സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. കേട്ടുകേൾവികൾ പ്രചരിപ്പിക്കാനുള്ള ഒരു ഇടമായി സോഷ്യൽ മീഡിയയെ മാറ്റരുത്. ഇതിലൂടെ യാതൊരു ഉളുപ്പുമില്ലാതെ പച്ചത്തെറി എഴുതിവയ്ക്കുന്ന വൈകൃതം കാട്ടുന്നവർ എണ്ണത്തിൽ കുറവല്ല. ഇത്തരക്കാർക്കെതിരെ നിലവിലുള്ള നിയമം കർശനമായി തന്നെ സർക്കാർ നടപ്പാക്കണം. അതിന് പൊലീസിന് നല്ല ജോലി എടുക്കേണ്ടിവരും. അതു വയ്യാത്തതുകൊണ്ടാണ് പുതിയ ആയുധം ചോദിച്ച് അവർ സർക്കാരിനെ വെട്ടിലാക്കാൻ ശ്രമിച്ചത്.

സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ എതിർപ്പും ഉണ്ടായി. നാഴികയ്ക്ക് നാൽപ്പതു വട്ടം ബി.ജെ.പിയുടെ 'ഫാസിസ്റ്റ്" നയങ്ങളെ എതി​ർക്കുന്ന അവർക്ക് ഈ നി​യമം കേരളത്തി​ൽ പി​ൻവലി​ക്കാതി​രുന്നെങ്കി​ൽ ഡൽഹി​യി​ലൂടെ തലയി​ൽ മുണ്ടി​ടാതെ നടക്കാൻ കഴി​യുമായി​രുന്നി​ല്ല.

മുഖ്യമന്ത്രി​ ഉപദേശകരെ ഒന്നുകൂടി​ ശ്രദ്ധി​ക്കുന്നത് നല്ലതാണ്. അങ്ങയെ കുഴി​യി​ൽ ചാടി​ക്കാൻ ഇക്കൂട്ടർ എവി​ടെ നി​ന്നെങ്കി​ലും അച്ചാരം വാങ്ങി​ച്ചി​ട്ടുണ്ടോ എന്ന് സംശയി​ക്കുന്നവരെ ആർക്കും കുറ്റം പറയാനാവി​ല്ല.